കള്ളനോട്ടടി: യുവമോര്‍ച്ച നേതാവിന് ഒളിത്താവളമൊരുക്കിയ സുഹൃത്ത് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 27th June 2017 07:53 AM |
Last Updated: 27th June 2017 05:24 PM | A+A A- |

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം അഞ്ചാംപരുത്തിയില്‍ വീട്ടില്‍ കള്ളനോട്ട് അടിച്ച സംഭവത്തില്‍ രണ്ടാം പ്രതിയായ യുവമോര്‍ച്ച നേതാവ് രാജീവും അറസ്റ്റിലായതിന് പിന്നാലെ രാജീവിന് ഒളിത്താവളമൊരുക്കിയ സുഹൃത്ത് തൃശ്ശൂര്‍ ഒളരി എല്‍ത്തുരുത്ത് എരിഞ്ചേരി അലക്‌സും അറസ്റ്റിലായി. യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി അഞ്ചാംപരുത്തി എരാശ്ശേരി രാജീവ് ഞായറാഴ്ച അറസ്റ്റിലായിരുന്നു.ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.കൂടുതല്‍ ചോദ്യം ചെയ്യലിനായി രാജീവിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
രാജീവിന്റെ സഹോദരന്‍ രാകേഷിനെ വീട്ടില്‍നിന്ന് കള്ളനോട്ട് അടിച്ച യന്ത്രസാമഗ്രികളും 1.37 ലക്ഷം രൂപയുടെ വ്യാജകറന്‍സികളുമായി വ്യാഴാഴ്ചയാണ് അറസ്റ്റുചെയ്തത്. വീട്ടില്‍ പരിശോധന നടക്കുമ്പോള്‍ തിരുവനന്തപുരത്തായിരുന്ന രാജീവ് സംഭവമറിഞ്ഞ് മൊബൈല്‍ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇയാളെ സൈബര്‍സെല്ലിന്റെ സഹായത്തോടെ സുഹൃത്ത് അലക്‌സിന്റെ വീട്ടില്‍നിന്നാണ് ഞായറാഴ്ച രാത്രി പത്തരയോടെ അറസ്റ്റുചെയ്തത്. പോലീസ് എത്തിയപ്പോഴേക്കും അലക്‌സ് രാജീവിനെ ഒളിപ്പിച്ചിരുന്നു. പോലീസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് രാജീവ് തന്റെ വീട്ടിലുണ്ടെന്ന വിവരം അലക്‌സ് പോലീസിനെ അറിയിച്ചത്.