ചെമ്പനോട കര്‍ഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി 

സിലീഷ് വില്ലേജ് അസിസ്റ്റന്റായി ഇരിക്കുന്നിടത്തോളം തനിക്ക് നികുതിയടയ്ക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ജോയ് പറഞ്ഞിരുന്നു
ചെമ്പനോട കര്‍ഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി 

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്യഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് പൊലീസിന് മുന്നില്‍ കീഴടങ്ങി. പേരാമ്പ്ര സിഐയ്ക്ക് മുന്നിലാണ് ഇന്നലെ സിലീഷ് കീഴടിങ്ങിയത്.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തന്റെ മരണത്തിന് കാരണം വില്ലേജ് അസിസ്റ്റന്റും ഓഫീസറുമാണെന്ന് ആത്മഹത്യ കുറിപ്പില്‍ ജോയ് എഴുതിയിരുന്നു.വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ജോയിയുടെ മരണത്തിന് കാരണമെന്ന് കുടുംബവും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സിലീഷിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുകയും ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തചിരുന്നു. ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ലിലീഷ് കുറ്റക്കാരാനാണ് എന്ന് പരാമര്‍ശിച്ചിരുന്നു. മരണം നടന്നതിന്റെ പിറ്റേ ദിവസം മുതല്‍ സിലീഷ് ഒളിവിലായിരുന്നു.

കഴിഞ്ഞ 21നാണ് കരം സ്വീകരിക്കാത്തിനെത്തുടര്‍ന്ന് ജോയ് വില്ലേജ് ഓഫീസിന് മുന്നില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ ജോയിയുടെ സഹോദരന്‍ ജിമ്മിയേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ആത്മഹത്യ കുറിപ്പില്‍ സഹോദരന്‍ ജിമ്മിയുടെ പേരും പരാമര്‍ശിക്കുന്നതിനെ തുടര്‍ന്നാണ് ജിമ്മിയേയും ചോദ്യം ചെയ്യുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെപറ്റി സഹോദരനുമായി തര്‍ക്കമുണ്ടെന്നും തന്റെ ഭൂമി നികുതിയടച്ച് സഹോദരന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള പരാര്‍ശങ്ങളാണ് കത്തിലുള്ളത്. ആത്മഹത്യാകുറിപ്പ് വായിച്ചിട്ടില്ലെന്നും അത് നേരിട്ട് പൊലീസിന് കൈമാറുകയായിരുന്നുവെന്നുമാണ് ഭാര്യ പറയുന്നത്.

വില്ലേജ് ഓഫീസില്‍ നികുതിയടയ്ക്കാനായി ചൊല്ലുമ്പോള്‍ തന്റെ പേരിലുള്ള ഭൂമിയില്‍ മറ്റൊരാള്‍ നികുതിയടച്ചിട്ടുണ്ടെന്നാണ് വില്ലേജ് ഓഫീസര്‍ പറയാറുണ്ടായിരുന്നത്. അത് ആരാണെന്ന് പലതവണ ചോദിച്ചിട്ടും പറയാന്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തയ്യാറായില്ലെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ഇത് അനുവദിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും കേള്‍ക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ലെന്നും സിലീഷ് വില്ലേജ് അസിസ്റ്റന്റായി ഇരിക്കുന്നിടത്തോളം തനിക്ക് നികുതിയടയ്ക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ജോയ് പറയുന്നു.ജോയിയുടെ സഹോദരന്‍ ജിമ്മി ജോയിയുടെ സ്ഥലത്തിനോടനുബന്ധിച്ചുള്ള ഭുമിയില്‍ ക്വാറി ആരംഭിക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്ന് സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന് സമീപവാസികളില്‍ നിന്നും വിവരമുണ്ടായിട്ടുണ്ട്. എന്നാല്‍ സഹോദരന്റെ ഭുമിയില്‍ നികുതി വാങ്ങരുതെന്ന് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും തര്‍ക്കമില്ലെന്നുമാണ് സഹോദരന്‍ ജിമ്മി പറയുന്നത്. വൈകാതെതന്നെ സഹോദരനെ പൊലീസ് ചോദ്യം ചെയ്യും. 

ജോയ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സഹായിക്കാനുള്ള മനസ് സഹോദരങ്ങളാരും കാണിച്ചിട്ടില്ലെന്ന് ജോയിയുടെ ഭാര്യ പൊലീസിന് മൊഴി നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ കേസിന് പുറകേ പോകാനില്ലെന്നും പെണ്‍കുട്ടികളുമായി ഒതുങ്ങി ജീവിക്കാനാണ് താത്പര്യമെന്നും സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോയിയുടെ ഭാര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com