നടി ആക്രമിക്കപ്പെട്ട കേസ്; ദലിപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 28th June 2017 09:24 PM  |  

Last Updated: 29th June 2017 01:22 PM  |   A+A-   |  

dileep-nadirshaf

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന മാരത്തണ്‍ ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായത്. 

ആലുവ പോലീസ് ക്ലബ്ബില്‍ ഇന്ന് ഉച്ചയ്ക്ക് 12.30നു ആരംഭിച്ച ചോദ്യം ചെയ്യലിന് ഐജി ബി സന്ധ്യയാണ് നേതൃത്വം നല്‍കിയത്. കേസിലെ മറ്റു അന്വേഷണ ഉദ്യോഗസ്ഥരും പോലീസ് ക്ലബ്ബിലുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയിലാണ് ദിലീപിനെയും മറ്റു രണ്ടു പേരെയും ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫോണില്‍ നാദിര്‍ഷയെ വിളിച്ച് വിലപേശല്‍ നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് മൊഴിയെടുക്കുന്നതിനായാണ് തന്നെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചിരിക്കുന്നത് എന്നാണ് മൊഴി നല്‍കുന്നതിനു പോകുന്നതിനുമുമ്പായി ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് മൊഴിയെടുക്കുന്നത് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചാണെന്ന് പോലീസ് പറഞ്ഞു. ചില കാര്യങ്ങളില്‍ ദിലീപിന് പങ്കുണ്ടെന്ന് പള്‍സര്‍ സുനി കത്തിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ ഗൂഢാലോചനയെക്കുറിച്ചാക്കിയത്.

ദിലീപിനെയും നാദിര്‍ഷയെയും രണ്ട് റൂമുകളിലാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപ് തനിക്കറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞതായും ചോദ്യംചെയ്യലുമായി സഹകരിക്കുന്നതായും പോലീസ് പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഗൂഢാലോചനയെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. അന്നുതൊട്ട് ദിലീപിന്റെ പേര് പ്രത്യക്ഷമായും പരോക്ഷമായും ചര്‍ച്ചയില്‍ വന്നിരുന്നു. 

ആക്രമിക്കപ്പെട്ട നടിയും പ്രതിയായ സുനില്‍കുമാറും നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു എന്ന് ദിലീപ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇക്കാര്യം പറഞ്ഞത് സംവിധായകന്‍ ലാലാണ് എന്ന ദിലീപിന്റെ പരാമര്‍ശത്തിനെതിരെ ലാല്‍തന്നെ തിരുത്തലുമായി വന്നിരുന്നു. എന്നാല്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് ലാല്‍ വ്യക്തമാക്കുകയും കഴിഞ്ഞദിവസം, ആക്രമിക്കപ്പെട്ട നടി തന്നെ ഫെയ്‌സ്ബുക്കില്‍ ദിലീപിന്റെ പേരു പറയാതെ, നടന്‍ നടത്തിയ പരാമര്‍ശം തനിക്ക് വേദനയുണ്ടാക്കിയെന്നു പറഞ്ഞിരുന്നു. 

കൂടാതെ ആരോപണവിധേയനായ ആള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തില്ലെന്നതിനും തന്റെ കൈയ്യില്‍ തെളിവൊന്നുമില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഗൂഢാലോചന കേസില്‍ ദിലീപിനെ തുടര്‍ന്നും ചോദ്യം ചെയ്യാനുള്ള സാധ്യതകളുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.