പ്രതികളെ പൊലീസ് പിടിച്ചിട്ടുണ്ട്, അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലെന്ന് അമ്മ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th June 2017 03:52 PM |
Last Updated: 29th June 2017 04:06 PM | A+A A- |

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളെ പൊലീസ് പിടിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലെന്നും താരസംഘടനയായ അമ്മ. കേസ് നന്നായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് സംഘടനയുടെ വിലയിരുത്തലെന്ന് ജനറല്‍ ബോഡി യോഗത്തിനു ശേഷം അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
സംഭവം ഉണ്ടായതിനു പിന്നാലെ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുമായി സംസാരിച്ചിരുന്നതായി ഇന്നസെന്റ് പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. കേസ് നന്നായി മുന്നോട്ടുപോവുന്നുണ്ട്. പൊലീസ് ഇതുവരെ അഞ്ചു പ്രതികളെ പിടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റു പ്രതികരണങ്ങള്‍ക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എന്തു കാര്യവും ഉന്നയിക്കാമെന്ന് ജനറല്‍ ബോഡി യോഗം തുടങ്ങുംമുമ്പ് അംഗങ്ങളെ അറിയിച്ചിരുന്നു. ആരും ഒരു സംശയവും ഉന്നയിച്ചില്ലെന്ന് ഇന്നസെന്റും കെബി ഗണേഷ് കുമാറും പറഞ്ഞു. പൊലീസ് അന്വേഷണത്തിന് അമ്മ എതിരല്ല. അംഗങ്ങള്‍ ആരെയും ചോദ്യം ചെയ്യുന്നതിനും തടസം നില്‍ക്കില്ല. ന്വേഷണം നന്നായി നടക്കുന്നുണ്ടെന്നാണ് സംഘടന വിലയിരുത്തുന്നത്. വനിതകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടന അമ്മയ്ക്ക എതിരല്ല. അവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും അമ്മയുടെ അംഗങ്ങളെ തള്ളിപ്പറയില്ല. രണ്ട് അംഗങ്ങളും അമ്മയ്ക്ക് ഒരുപോലെയാണ്. ഏതു വാര്‍ത്തകള്‍ വന്നാലും ആരെയും തള്ളിപ്പറയില്ല. ദിലീപിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.