ഈ അടാവില് ഡാമ് വേണ്ട: ഊരുമൂപ്പത്തി ഗീത

ആദിവാസി വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കെ.എസ്.ഇ.ബിയ്ക്ക് ഡാമുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കാടര്‍ വിഭാഗത്തിന്റെ ഊരുമൂപ്പത്തി ഗീത പറയുന്നു
ഊരുമൂപ്പത്തി ഗീത അതിരപ്പിള്ളി പദ്ധതിക്കെതിരായ സമരത്തില്‍ (ഫോട്ടോ: ഷെഫീഖ് താമരശ്ശേരി)
ഊരുമൂപ്പത്തി ഗീത അതിരപ്പിള്ളി പദ്ധതിക്കെതിരായ സമരത്തില്‍ (ഫോട്ടോ: ഷെഫീഖ് താമരശ്ശേരി)

തൃശൂര്‍: അതിരപ്പിള്ളി വനമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കാടര്‍ വിഭാഗത്തിന്റെ വനാവകാശത്തെയും വനാധികാരത്തെയും ചോദ്യം ചെയ്തുകൊണ്ടാണ് കെ.എസ്.ഇ.ബി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചിച്ചിരിക്കുന്നത്. വനാവകാശ നിയമപ്രകാരം വനഭൂമി വനഭൂമിയല്ലാതാക്കി മാറ്റുന്നതിന്റെ വിവേചനാധികാരം ലഭിച്ച വാഴച്ചാലിലെ കാടര്‍ ആദിവാസി വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കെ.എസ്.ഇ.ബിയ്ക്ക് ഡാമുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് കാടര്‍ വിഭാഗത്തിന്റെ ഊരുമൂപ്പത്തി ഗീത പറയുന്നു.
2006ലെ വനാവകാശ നിയമപ്രകാരം അധികാരം ലഭിച്ച വാഴച്ചാല്‍ ഡിവിഷനിലെ എട്ട് കാടര്‍ ഊരുകൂട്ടങ്ങള്‍. അവരുടെ പൊതുവായ സാമൂഹ്യ വനവിഭവ മേഖലയായി അംഗീകരിച്ച് വനാവകാശ നിയമത്തില്‍ പറയുന്ന കമ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്‌സ് നല്‍കിയിട്ടുള്ള പ്രദേശത്താണ് പദ്ധതി വരുന്നത്. ഇതുസംബന്ധിച്ച് ഊരുകൂട്ടങ്ങളുമായി സംസാരിക്കാതെയാണ് കെ.എസ്.ഇ.ബി. പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പ്രഖ്യാപിച്ചത്. അതിരപ്പിള്ളിയിലെ പദ്ധതിക്കെതിരെ നേരത്തേതന്നെ എല്ലാ കാടര്‍ വിഭാഗങ്ങളും പ്രമേയം പാസാക്കിയിട്ടുള്ളതാണ്.
വനാവകാശനിയമപ്രകാരം സാമൂഹിക വനാവകാശം കേരളത്തില്‍ ആദ്യമായി ലഭിച്ചത് വാഴച്ചാല്‍ ഡിവിഷനിലെ ഈ ആദിവാസി വിഭാഗത്തിനാണ്. 2012ല്‍ ഈ വനമേഖല കാടര്‍ ആദിവാസി ഊരുകൂട്ടങ്ങളുടെ സാമൂഹിക വനവിഭവമേഖലയായി അംഗീകരിച്ച് അവകാശരേഖ നല്‍കി. അതോടെ വനവിഭവ ശേഖരണവും വനസംരക്ഷണത്തിനുള്ള പദ്ധതികളും എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഈ ആദിവാസി ഊരുകൂട്ടങ്ങളുമായി ആലോചിച്ച് വേണം നടപ്പിലാക്കാന്‍. ''അത്തരത്തിലുള്ള ഇടപെടലുകളൊക്കെ നടന്നതാണ്. പക്ഷെ, ഈ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരോ കെ.എസ്.ഇ.ബിയോ അത്തരം ആലോചനകളുമായി മുന്നോട്ടു വന്നിട്ടില്ല. ഇത് കേന്ദ്രനിയമത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ്.'' - ഗീത പറയുന്നു.
''ഞങ്ങള്‍ക്ക് അവകാശപ്പെട്ട വനഭൂമിയില്‍നിന്നും ഞങ്ങളുടെ അനുവാദമില്ലാതെ മരം മുറിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്?'' എന്ന് ഗീത ചോദിക്കുന്നു.
പദ്ധതി വരുന്ന വനമേഖലയിലുള്ള മരങ്ങളുടെ കണക്കെടുപ്പാണ് ആദ്യം ആരംഭിച്ച നടപടി. വാഴച്ചാല്‍ മേഖലയിലെ ചാര്‍പ്പ, വാഴച്ചാല്‍, കൊല്ലത്തിരുമേട് റെയ്ഞ്ചുകളിലായി ഏകദേശം 140 ഹെക്ടര്‍ വനമാണ് അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഇല്ലാതാകുന്നത്. 1999ലെ സര്‍വ്വെ പ്രകാരം വൈദ്യുതി ബോര്‍ഡ് വനംവകുപ്പില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയാണിത്. അവിടെയുള്ള ഓരോ മരത്തിനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയെ അടിസ്ഥാനമാക്കി വൃക്ഷമൂല്യനിര്‍ണ്ണയം കണക്കാക്കും. 2001ല്‍ പദ്ധതിയ്ക്ക് അനുമതി ലഭിച്ചപ്പോള്‍ 25.22 ഹെക്ടര്‍ സ്ഥലത്തെ 15,145 മരങ്ങളുടെ സീനിയറേജ് വാല്യു ആയി 4.11 കോടി രൂപ നിശ്ചയിച്ചിരുന്നു. എന്നാല്‍ പതിനാറു വര്‍ഷം പിന്നിട്ടപ്പോഴും വൃക്ഷമൂല്യത്തില്‍ മാറ്റമൊന്നുമില്ല. ഇതിനെല്ലാംപുറമെ, വനാവകാശം ആദിവാസി സമൂഹത്തിന് നല്‍കുന്ന നിയമം വന്നതോടെ ഈ മരങ്ങളുടെ അവകാശംകൂടി കാടര്‍ സമൂഹത്തിന് ലഭിക്കുകയാണ്. ഈ മരങ്ങള്‍ക്ക് വിലയിടുവാനുള്ള അവകാശം ആദിവാസികളില്‍ നിന്ന് എങ്ങനെയാണ് സര്‍ക്കാരിന് ലഭിക്കുക എന്നാണ് ഗീതയുടെ ചോദ്യം.
18 കാടര്‍ കുടുംബങ്ങള്‍ മാത്രമാണ് പദ്ധതി വരുന്നതുകൊണ്ട് കുടിയൊഴിപ്പിക്കപ്പെടുന്നത് എന്നാണ് അതിരപ്പിള്ളി പദ്ധതിക്കായി ആദ്യം പരിസ്ഥിതി ആഘാത പഠനം നടത്തിയ ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് പറഞ്ഞത്. ''ആ റിപ്പോര്‍ട്ടൊക്കെ ശുദ്ധ തട്ടിപ്പായിരുന്നു എഴുതിയത്. നിര്‍ദ്ദിഷ്ട ഡാം നില്‍ക്കുന്ന സ്ഥലത്തുനിന്നും നാലു കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍ കോളനി എന്നാണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വെറും 400മീറ്റര്‍ മാത്രമാണ് ഡാമില്‍ നിന്നുള്ള അകലം.''
വാഴച്ചാല്‍ കോളനിയിലെ 68, പൊകലപ്പാറയിലെ 22 കുടുംബങ്ങള്‍ പദ്ധതി വരുമ്പോഴേക്കും പൂര്‍ണ്ണമായും ഒഴിഞ്ഞുപോകേണ്ടിവരുമെന്ന് ഗീത പറയുന്നു. മറ്റു ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിക്കപ്പെട്ട് പുനരധിവസിക്കപ്പെട്ട സെറ്റില്‍മെന്റാണ് വാഴച്ചാലിലെയും പൊകലപ്പാറയിലെയും. ഇക്കാര്യങ്ങളൊന്നും ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
രണ്ടാമത് പരിസ്ഥിതി ആഘാത പഠനം നടത്തിയ വാട്ടര്‍ ആന്റ് പവര്‍ കണ്‍സള്‍ട്ടന്‍സിയും കുടിയൊഴിപ്പിക്കുന്ന ആദിവാസി വിഭാഗത്തെക്കുറിച്ച് മിണ്ടിയില്ലെന്നും ഗീത ആരോപിച്ചു.
സ്വന്തം മണ്ണിലേക്ക് കയറിവന്ന് തങ്ങളുടെ അധികാരത്തെയും അവകാശത്തെയും ചോദ്യം ചെയ്തുകൊണ്ട്, തങ്ങളെ കുടിയിറക്കി കെട്ടിപ്പൊക്കുന്ന ഡാമുകളും പദ്ധതികളും ഏതറ്റംവരെയും എതിര്‍ക്കുമെന്ന് ഗീത പറയുന്നു. ''ഈ അടാവില് ഡാമ് വേണ്ട.'' വാഴച്ചാല്‍ വനത്തിന്റെ അവകാശപ്രഖ്യാപനം കൂടിയാണ് ഊരുമൂപ്പത്തിയുടെ ഈ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com