കുടിവെള്ളത്തിനു ടാങ്കറും കാത്ത് ജനങ്ങള്‍; കുപ്പിവെള്ള കമ്പനി ഊറ്റുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍

ഭരണമുന്നണിയിലെ പ്രമുഖര്‍ തന്നെ ഉന്നയിക്കുന്ന ജനകീയ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവാത്തത് എന്ത് എന്ന ചോദ്യത്തിന് ഇവര്‍ക്കു തൃപ്തികരമായ വിശദീകരണം നല്‍കാനാവുന്നില്ല
കുടിവെള്ളത്തിനു ടാങ്കറും കാത്ത് ജനങ്ങള്‍; കുപ്പിവെള്ള കമ്പനി ഊറ്റുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍

പാലക്കാട്: കുടിവെള്ളത്തിനായി ദിവസം നാലു ടാങ്കര്‍ വെള്ളമെങ്കിലും പുറത്തുനിന്ന് എത്തിക്കേണ്ട പഞ്ചായത്തില്‍നിന്ന് കുപ്പിവെള്ള കമ്പനി  ഊറ്റിയെടുക്കുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍ ഭൂഗര്‍ഭജലം. പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ പെപ്‌സി കമ്പനിയാണ് സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വന്‍ ജലചൂഷണം നടത്തുന്നത്.

കുടിവെള്ളപ്രശ്‌നം രൂക്ഷമാവുന്ന വേനല്‍മാസങ്ങളില്‍ ജലമെടുപ്പു നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നല്‍കിയ സ്റ്റോപ് മെമ്മോയ്ക്ക് കമ്പനി പുല്ലുവില കല്‍പ്പിച്ചില്ലെന്ന് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ സമകാലിക മലയാളത്തോടു പറഞ്ഞു. കമ്പനി ദിവസം എത്ര വെള്ളമെടുക്കുന്നുണ്ടെന്നത് സംബന്ധിച്ച് ഒരു കണക്കും പഞ്ചായത്തിന്റെ പക്കല്‍ ഇല്ല. ഈ കണക്ക് എടുക്കുകയും ജലമെടുപ്പ് നിരീക്ഷിക്കുകയും ചെയ്യേണ്ട ഭൂഗര്‍ഭ ജല വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കമ്പനിയുടെ ജലചൂഷണമെന്നാണ് പഞ്ചായത്തിന്റെ ആരോപണം. ഇതേ സംശയം തന്നെയാണ് സ്ഥലം എംപിയായ എംബി രാജേഷും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇത്രയും ഗുരുതരമായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് എന്ത് എന്ന ചോദ്യത്തിന് രാജേഷിനും മറുപടിയില്ല.

ആറു കുഴല്‍ക്കിണറുകളിനിന്നായി ദിനംപ്രതി എട്ടു മുതല്‍ പത്തു ലക്ഷം വരെ വെള്ളം കമ്പനി ഊറ്റുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. രണ്ടര ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ മാത്രം അനുമതിയുളള സ്ഥാനത്താണിത്. പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളില്‍ വേനല്‍ക്കാലത്ത് ഗുരുതരമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഈ മേഖലയിലെ കിണറുകളും കുഴല്‍ കിണറുകളുമെല്ലാം വറ്റിയ നിലയിലാണ്. പഞ്ചായത്തിനു പുറത്തുനിന്ന് ദിവസേന നാലു ടാങ്കര്‍ വെള്ളമെത്തിച്ചാണ് ഇപ്പോള്‍ കുടിവെള്ള ആവശ്യം നിറവേറ്റുന്നത്. 

പഞ്ചായത്ത് നല്‍കിയ സ്റ്റോപ് മെമ്മോയും ജില്ലാ കലക്ടര്‍ വഴി നടത്തിയ ഇടപെടലുകളും ഫലം കാണാത്ത സാഹചര്യത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ടെന്ന് എംബി രാജേഷ് പറഞ്ഞു. പമ്പുകള്‍ സീല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കണമെന്ന് നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്. തുടര്‍ന്നും നടപടികളുണ്ടായില്ലെങ്കില്‍ പുതുശ്ശേരി ജലചൂഷണ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.

സ്ഥലം എംഎല്‍എ കൂടിയായ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നേരത്തെ ജലചൂഷണത്തിനെതിരെ കമ്പനിയിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. സ്ഥലം എം പി കൂടിയായ എംബി രാജേഷ് ചെയര്‍മാനായ സമിതിയാണ് ജലചൂഷണത്തിനെതിരായ പ്രക്ഷോഭം നയിക്കുന്നതും. ഭരണമുന്നണിയിലെ പ്രമുഖര്‍ തന്നെ ഉന്നയിക്കുന്ന ജനകീയ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവാത്തത് എന്ത് എന്ന ചോദ്യത്തിന് ഇവര്‍ക്കു തൃപ്തികരമായ വിശദീകരണം നല്‍കാനാവുന്നുമില്ല. കോടതി ഉത്തരവിന്റെ മറവിലാണ് കമ്പനി വെള്ളമെടുക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചും ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വ്യക്തതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com