മിത്ര 181  വനിതാ ഹെല്‍പ്പ് ലൈന്‍ 27 മുതല്‍; ഇനി ഒരൊറ്റ നമ്പറില്‍ വനിതകള്‍ക്ക് സഹായവും വിവരങ്ങളും

181  വനിതാ ഹെല്‍പ്പ് ലൈന്‍ നിലവില്‍ ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാണ്
181-Women-helpline
181-Women-helpline

തിരുവനന്തപുരം: രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീസുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്ന പദ്ധതിയിലേക്ക് കേരളവും. കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന മിത്ര 181  വനിതാ ഹെല്‍പ്പ് ലൈന്‍ മാര്‍ച്ച് 27 മുതല്‍ കേരളത്തിലും നടപ്പാകും. ദേശീയതലത്തില്‍ സ്ത്രീസഹായ കേന്ദ്രങ്ങളെ ഏക ടോള്‍ ഫ്രീ നമ്പറില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 181  വനിതാ ഹെല്‍പ്പ് ലൈന്‍ നിലവില്‍ ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാണ്. മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും നടപ്പാക്കുന്നത്.

സംസ്ഥാന വനിതാ വികസന കോര്‍പറേഷനാണ് കേരളത്തില്‍ ഹെല്‍പ്പ് ലൈനിന്റെ മേല്‍നോട്ട ചുമതല. സംസ്ഥാന, ജില്ലാതലങ്ങളിലും നഗരങ്ങളിലുമുള്ള എല്ലാ ഹെല്‍പ്പ് ലൈനുകളും ഇതിലേക്ക് സംയോജിപ്പിക്കും. 27ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 181 ഹെല്‍പ്പ് ലൈന്‍ ഉദ്ഘാടനം ചെയ്യും. ഹെല്‍പ്പ് ലൈനിന്റെ ലോഗോ ചൊവ്വാഴ്ച സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. 

181 എന്ന ഏക ടോള്‍ ഫ്രീ നമ്പറിലൂടെ അടിയന്തര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് 181 വനിതാ ഹെല്‍പ്പ് ലൈന്‍. 181 എന്ന നമ്പറിലേക്ക് വിളിക്കുന്നവര്‍ക്ക് അടുത്തുള്ള പൊലീസ് സ്‌റ്റേഷന്‍, പ്രധാന ആശുപത്രി, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയുടെ സേവനങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധത്തിലാണ് ഇതിന്റെ സജ്ജീകരണം. ഇവയ്ക്കു പുറമേ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരേതര ക്ഷേമ പദ്ധതികള്‍, വിവിധ സ്ത്രീപക്ഷ സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളും 181 ഹെല്‍പ്പ് ലൈനിലൂടെ ലഭിക്കും.

ലാന്റ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും 181ലേക്ക് വിളിച്ചാല്‍ കിട്ടും. ഹെല്‍പ്പ് ലൈനിന്റെ വിജയത്തിന് സുശക്തവും വിപുലവുമായ വിവര ശേഖരണം പൂര്‍ത്തയിക്കിക്കഴിഞ്ഞു. സര്‍ക്കാര്‍, സര്‍ക്കാരേതര, സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയത്. ഹെല്‍പ്പ് ലൈനില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരിശീലനവും പൂര്‍ത്തിയായി. വിദഗ്ധരുടെ പങ്കാളിത്തത്തോടെ കൈപ്പുസ്തകം തയ്യാറാക്കിയാണ് പരിശീലനം നടത്തിയത്.

ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് പരാതികള്‍ക്ക് ഇട നല്‍കാത്ത വിധം സുസസജ്ജമായിരിക്കണം 181 ഹെല്‍പ്പ് ലൈന്‍ എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നൊരുക്കങ്ങള്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്ന വനിതാ ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഒരു വനിതാ മാനേജര്‍ ഉണ്ടായിരിക്കും. സഹായമോ വിവരമോ ആവശ്യപ്പെട്ട് ലഭിക്കുന്ന ഓരോ ഫോണ്‍ വിളിക്കും വ്യക്തവും ഫലപ്രദവുമായ പ്രതികരണം അവര്‍ ഉറപ്പാക്കുകയും അടിയന്തര ഘട്ടങ്ങളില്‍ നേരിട്ട് ഇടപെട്ടും സര്‍ക്കാരിന്റെ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് സ്ത്രീ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

ഇടപെടലിനും നിരീക്ഷണത്തിനും മറ്റുമായി ഹെല്‍പ്പ് ലൈന്‍ മുഖേന പുറത്തേക്കു പോകുന്ന ഓരോ ഫോണ്‍ വിളികളുടെയും ഉത്തരവാദിത്തവും ഹെല്‍പ്പ് ലൈന്‍ മാനേജര്‍ക്ക് ഉണ്ടായിരിക്കും. ഓരോ കേസും അവര്‍ വിലയിരുത്തുകയും കാര്യക്ഷമമായ പര്യവസാനത്തിലെത്തിക്കുകയും പരാതിക്കാരിക്കു വേണ്ടി ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. അവര്‍ക്കു കീഴില്‍ സൂപ്രവൈസര്‍, സീനിയര്‍ കോള്‍ റെസ്‌പോണ്ടര്‍, കോള്‍ റെസ്‌പോണ്ടര്‍, ഐടി ഉദ്യോഗസ്ഥ, ബഹുതല സഹായി, സുരക്ഷാ ഉദ്യോഗസ്ഥ തുടങ്ങിയവരുടെ സജീവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ ശൃംഖല ഉണ്ടായിരിക്കും. 

സ്ത്രീ ശാക്തീകരണം പ്രഖ്യാപിത ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമായ വനിതാ വികസന കോര്‍പറേഷന്‍ 181 വനിതാ ഹെല്‍പ്പ് ലൈനിന്റെ മേല്‍നോട്ട ചുമതലയിലേക്കു കൂടി കടക്കുന്നതോടെ സ്ത്രീസുരക്ഷ സംബന്ധിച്ച ഉത്തരവാദിത്തങ്ങളിലും സജീവമാകുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ വി സി ബിന്ദു അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com