ബിനാലെ ഇന്ത്യയിലൊട്ടാകെ അനുകരിക്കപ്പെടേണ്ടതെന്ന് രാഷ്ട്രപതി
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd March 2017 09:47 PM |
Last Updated: 02nd March 2017 09:47 PM | A+A A- |

കൊച്ചി: കൊച്ചി- മുസ്‌രീസ് ബിനാലെ പോലുള്ള സംരംഭങ്ങള്‍ രാജ്യമെങ്ങും അനുകരിക്കപ്പെടേണ്ടതുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കൊച്ചിയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ബിനാലെ സന്ദര്‍ശനം. സമകാലീന ലോകത്തെ പ്രശ്‌നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിന് കലയെപ്പോലെ പ്രാധാന്യമുള്ള പ്രാധാന്യമുള്ള മറ്റൊന്നില്ല. ചരിത്രമുറങ്ങുന്ന മണ്ണില്‍ സംസ്ഥാന സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും പിന്തുണയോടെ നടത്തുന്ന ഈ കലാ സംരംഭത്തിലൂടെ കേരളത്തിന്റെ കലാസൗഹൃദമാണ് വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കലാ സാംസ്‌കാരിക ലോകത്ത് കേരളം പിന്തുടരുന്ന മതേതര കാഴ്ച്ചപ്പാട് പ്രസിദ്ധമാണ്. ഇതിന്റെ ഉദാത്തമായ പ്രതീകമാണ് ഐക്യവും സമഭാവനയും നിറഞ്ഞാടുന്ന കൊച്ചി- മുസ്‌രീസ് ബിനാലെ. സംസ്‌കാരത്തെ ബഹുമാനിക്കുന്ന മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സാംസ്‌കാരിക വളര്‍ച്ചയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര സാസംസ്‌കാരിക നിര്‍മിതി എന്ന വിഷയത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.