പാര്‍ട്ടി പരിപാടി പുസ്തകത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും വേണമെന്ന് ഓര്‍മ്മിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍

സി.പി.എമ്മിനെ പാര്‍ട്ടിപരിപാടി കാണിച്ച് ഫെയ്‌സ്ബുക്കിലൂടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നു
പാര്‍ട്ടി പരിപാടി പുസ്തകത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും വേണമെന്ന് ഓര്‍മ്മിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍

കൊച്ചി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നതില്‍ ഉറച്ചുനില്‍ക്കുന്ന സി.പി.എമ്മിനെ പാര്‍ട്ടിപരിപാടി കാണിച്ച് ഫെയ്‌സ്ബുക്കിലൂടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുന്നു.
പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സമഗ്രമായ നടപടികള്‍ കൈക്കൊള്ളും. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം മനസില്‍ വച്ചുകൊണ്ടുള്ള വികസന പരിപാടികള്‍ ആസൂത്രണം ചെയ്യും. രാജ്യത്തിന്റെ ജൈവവൈവിധ്യവും ജൈവവിഭവങ്ങളും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്ന് സംരക്ഷിക്കും എന്നിങ്ങനെ പാര്‍ട്ടി പരിപാടിയില്‍ എഴുതിയ വാചകങ്ങള്‍ എടുത്തിട്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ നയങ്ങളെ തിരിച്ചുകുത്തുന്നത്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ചെയ്യാനുള്ളത് എന്ന മട്ടില്‍ ഇതിനകം സി.പി.എം. നിലപാടെടുത്ത സാഹചര്യത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഈ ഇടപെടല്‍.
ജൈവ പച്ചക്കറിയെന്ന പേരില്‍ നാലോ അഞ്ചോ വെണ്ടയും വഴുതനയും വച്ചു പിടിപ്പിക്കലല്ല, ജൈവവിഭവങ്ങളുടെ സംരക്ഷണം എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലെ കമന്റുകളില്‍ ആഞ്ഞടിക്കുന്നുണ്ട്. രാജ്യത്തിന്റെ ജൈവവൈവിധ്യങ്ങളും ജൈവവിഭവങ്ങളും സംരക്ഷിക്കുമെന്ന പാര്‍ട്ടി പരിപാടിയെ പരിഹസിച്ചുകൊണ്ടാണിത്.


ഫ്രെഡറിക് എംഗല്‍സിന്റെ അധ്വാനത്തിന്റെ പങ്ക് എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള പേജുകളും പരിസ്ഥിതി പ്രവര്‍ത്തകര്‍ സി.പി.എമ്മിനെ അതിരപ്പിള്ളി വിഷയത്തില്‍ എതിര്‍ക്കാന്‍ എടുത്തിടുന്നുണ്ട്.
''പ്രകൃതിയെ കീഴ്‌പ്പെടുത്തുന്നു. ആത്യന്തികമായി മനുഷ്യനെ മൃഗത്തില്‍നിന്ന് വേര്‍തിരിക്കുന്ന ഏറ്റവും വലിയ വ്യത്യാസവും ഇതുതന്നെ. ഈ വേര്‍തിരിവിനും കാരണമായിത്തീര്‍ന്നത് അധ്വാനംതന്നെ.
പക്ഷെ, പ്രകൃതിയ്ക്കുമേലുള്ള മനുഷ്യന്റെ വിജയത്തെപ്പറ്റി കൊട്ടിഘോഷിച്ച് നമുക്ക് ഊറ്റം കൊള്ളേണ്ടതില്ല. ഓരോ വിജയത്തിലും അത് നമുക്ക് നേരെ പ്രതികാരം വീട്ടിയിട്ടുണ്ട്.....'' ഇങ്ങനെ തുടരുന്ന പുസ്തകത്താളിലെ വാചകത്തില്‍ ഏഷ്യാമൈനറിലെയും മെസപ്പൊട്ടോമിയയിലെയും ഗ്രീസിലെയും മനുഷ്യര്‍ വനങ്ങളും വനങ്ങളോടൊപ്പം ഈര്‍പ്പം തങ്ങി നില്‍ക്കാനാവശ്യമായ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചുകൊണ്ട് ഈ രാജ്യങ്ങളില്‍ ഇന്നത്തേതുപോലുള്ള നശിച്ച ഒരവസ്ഥയ്ക്ക് അടിത്തറ പാകുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന കാര്യം സ്വപ്‌നത്തില്‍പ്പോലും കണ്ടിരിക്കുകയില്ല എന്നു പറയുന്നു. ആല്‍പ്‌സ് പര്‍വതത്തിന്റെ തെക്കന്‍ ചരിവിലെ പൈന്‍മരങ്ങള്‍ വെട്ടിനശിപ്പിച്ച ഇറ്റലിക്കാര്‍ തങ്ങളുടെ ഡയറി വ്യവസായത്തിന്റെ ആണിക്കല്ലാണ് ഇളക്കിയതെന്ന് അറിഞ്ഞിരുന്നില്ല. യൂറോപ്പില്‍ ഉരുളക്കിഴങ്ങ് കൃഷിയോടൊപ്പം കണ്ഠമാല രോഗം വ്യാപിച്ചതിനെക്കുറിച്ചും പറയുന്ന പുസ്തകത്താളില്‍ പ്രകൃതിയിലാണ് നമ്മുടെ അസ്ഥിത്വം എന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഇതാണ് അതിരപ്പിള്ളി വിഷയത്തില്‍ സി.പി.എം. നിലപാടിനെതിരെ എടുത്തു പ്രയോഗിച്ചിരിക്കുന്നത്.

ഇതിനിടെ ശാസ്ത്ര സാഹിത്യ പരിഷത്ത് അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാകുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നറിയിപ്പു നല്‍കുന്നു. കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറയുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വവും വംശനാശഭീഷണി നേരിടുന്ന അനേകം ജന്തുസസ്യവൈവിധ്യസമ്പത്താണ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുക. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് പദ്ധതിക്കായുള്ള പരിസരാഘാത പത്രിക തയ്യാറാക്കിയിട്ടുള്ളത്. ഈ പഠനം പോരായ്മകള്‍ നിറഞ്ഞതും അശാസ്ത്രീയവുമാണെന്ന് പലതവണ പരിഷത്ത് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കൂടാതെ നീരൊഴുക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ മൂലം ഡാമിന് താഴെ വരുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് വിശദമായ ഒരു പഠനവും നടന്നിട്ടില്ലെന്നും പരിഷത്ത് പത്രക്കുറിപ്പില്‍ പറയുന്നു.
ഇപ്പോള്‍ത്തന്നെ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പുഴയില്‍ നീരൊഴുക്ക് പകുതിയാകുമ്പോള്‍ ഓരുകയറ്റ ഭീഷണിയും കുടിവെള്ളക്ഷാമവും രൂക്ഷമാകും. ഈ സാഹചര്യത്തില്‍ പാരിസ്ഥിതികാഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. 'റണ്‍ ഓഫ് ദ റിവര്‍' മാതൃക ഉള്‍പ്പെടെയുള്ള ബദല്‍സാധ്യതകളും അന്വേഷിക്കാവുന്നതാണ്. എന്നാല്‍ നിലവിലുള്ള പരിസരാഘാതപഠനവും പദ്ധതിരേഖയും അതിന് അപര്യാപ്തമാണ്. സൗര വൈദ്യുതി അടക്കമുള്ള പാരമ്പര്യേതര ഊര്‍ജോല്‍പാദനത്തിന്റെ മേഖലയില്‍ വലിയ സാങ്കേതികവിദ്യാ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഈ വഴികളും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള സാധ്യതകള്‍ ഒന്നും ആലോചിക്കാതെ പശ്ചിമഘട്ടമേഖലയില്‍ ഇനിയും അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് കേരളത്തിന്റെ തന്നെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com