പ്രസവസമയത്ത് കുഞ്ഞുങ്ങളെ മാറ്റിനല്‍കിഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടെത്തി

കൊല്ലം മെഡിസിറ്റി ആശുപത്രിയിലാണ് കുഞ്ഞുങ്ങളെ മാറി നല്‍കിയത്
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കൊല്ലം: ''ലേബര്‍ മുറിയില്‍ നിന്നും നഴ്‌സിന് ഒരു കൈപ്പിഴ സംഭവിച്ചാല്‍? കുഞ്ഞൊന്ന് മാറിയിരുന്നെങ്കില്‍....?'' കടുത്ത ജാതി-മത ചിന്തകള്‍ക്കെതിരെ ഇങ്ങനെയൊരു ചോദ്യം ചോദിക്കാറുണ്ട്.
''അങ്ങനെയൊക്കെ സംഭവിക്ക്വോ?'' എന്ന് തിരികെ ഒരു ചോദ്യത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കും. എന്നാല്‍ സംഭവിച്ചുകഴിഞ്ഞു. കുഞ്ഞുങ്ങളെ മാറുകയും ചെയ്തു. ആറുമാസം കുഞ്ഞുങ്ങള്‍ മറ്റൊരമ്മയുടെ മുലപ്പാല്‍ കുടിച്ച് ജീവിക്കുകയും ചെയ്തു.
കൊല്ലം മെഡിസിറ്റി ആശുപത്രിയിലാണ് കുഞ്ഞുങ്ങളെ മാറി നല്‍കിയത്. ഒരു കൈപ്പിഴ മാത്രമായിരുന്നില്ല; ഗുരുതരമായ വീഴ്ച കൂടിയാണ് ഈ സംഭവം.
കൊല്ലം മയ്യനാട് സ്വദേശി അനീഷിന്റെ ഭാര്യ റംസിയുടെയും ഉമയനല്ലൂര്‍ സ്വദേശി നൗഷിന്റെ ഭാര്യ ജസീറയുടെയും പ്രസവം 2016 ഒക്ടോബര്‍ 22നാണ് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ നടക്കുന്നത്. പ്രസവാനന്തരം ലേബര്‍ റൂമില്‍നിന്നും റംസിയുടെ അടുത്തേക്ക് മഞ്ഞടവ്വലില്‍ പൊതിഞ്ഞ് കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ കുടുംബക്കാര്‍ക്ക് ഒരു സംശയം തോന്നി അക്കാര്യം ചോദിച്ചു. ''പച്ച ടവ്വലാണല്ലോ ഞങ്ങള് തന്നത്?''
അത്, ടവ്വല് മാറിപ്പോയതാണെന്നായിരുന്നു നഴ്‌സുമാരുടെ വിശദീകരണം. നൗഷാദിന്റെ ബന്ധുക്കള്‍ ടവ്വല്‍ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ''നിങ്ങള്‍ക്ക് മാറിപ്പോയതാണ്'' എന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ തര്‍ക്കിക്കുകയും ചെയ്തു.
അങ്ങനെ നഴ്‌സുമാര്‍ നല്‍കിയ കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് വിശ്വസിച്ച് ഇരു വീട്ടുകാരും സ്വന്തം വീടുകളിലേക്ക് പോയി. മൂന്നു മാസത്തിനുശേഷം പ്രതിരോധ കുത്തിവയ്പ് ചെയ്യുന്നതിനായി ജസീറയുടെ കുഞ്ഞിന്റെ രക്തം പരിശോധിച്ചപ്പോള്‍ ഒരു സംശയം. ഒ പോസിറ്റീവാണെന്നാണ് ഫലം. എന്നാല്‍ ആശുപത്രിയിലെ ഡിസ്ചാര്‍ജ്ജ് രേഖകളില്‍ എ പോസിറ്റീവ്.
കുട്ടികള്‍ മാറിയെന്ന സംശയം ഇത്തവണ ബലപ്പെട്ടു. ഈ രക്തഗ്രൂപ്പ് ഫലവുമായി നൗഷാദും ഭാര്യയും കൊല്ലം മെഡിസിറ്റിയിലേക്ക് ചെന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് പരാതിപ്പെട്ടെങ്കിലും മോശം പെരുമാറ്റത്തോടെയാണ് മടക്കി അയച്ചതെന്ന് നൗഷാദ് പറയുന്നു.
തുടര്‍ന്നാണ് ജില്ലാ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കിയത്. ശിശുക്ഷേമസമിതിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് മാറിയ കാര്യം സ്ഥിരീകരിക്കുന്നത്. ആറുമാസത്തിനുശേഷം ഇരുവരും കുഞ്ഞുങ്ങളെ പരസ്പരം മാറ്റി സ്വന്തം കുഞ്ഞുങ്ങളെ വീണ്ടെടുത്തു.
ഇക്കാര്യങ്ങളെല്ലാം കാണിച്ച് കൊല്ലം മെഡിസിറ്റിയ്‌ക്കെതിരെ നൗഷാദ് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. ഇക്കാര്യങ്ങള്‍ പുറത്ത് പറയരുതെന്നും പുറത്തുനിന്നുമാണ് കുഞ്ഞുങ്ങളെ മാറിയതെന്ന് പറയണമെന്നും നൗഷാദിന്റെമേല്‍ ആശുപത്രി അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും നൗഷാദ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com