ബജറ്റില്‍ കേരളം കാതോര്‍ക്കുന്നത്

വിലക്കയറ്റം നേരിടുന്നതിനുള്ള നടപടികള്‍ മുതല്‍ നികുതി രംഗത്തെ സങ്കീര്‍ണകള്‍ ഒഴിവാക്കുന്നതു വരെ ഒട്ടേറെ പ്രതീക്ഷകളാണ് സമകാലിക മലയാളം നടത്തിയ അന്വേഷണത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ മുന്നോട്ടുവച്ചത്.
ബജറ്റില്‍ കേരളം കാതോര്‍ക്കുന്നത്

കൊച്ചി: സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട വലിയ നികുതിപരിഷ്‌കരണങ്ങളിലൊന്നായ ചരക്കു സേവന നികുതി നടപ്പാക്കുന്നതിന്റെയും വന്‍ വിവാദത്തിനിടയാക്കിയ നോട്ട് അസാധുവാക്കലിന്റെയും പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നത് എന്താണ്? വിലക്കയറ്റം നേരിടുന്നതിനുള്ള നടപടികള്‍ മുതല്‍ നികുതി രംഗത്തെ സങ്കീര്‍ണകള്‍ ഒഴിവാക്കുന്നതു വരെ ഒട്ടേറെ പ്രതീക്ഷകളാണ് സമകാലിക മലയാളം നടത്തിയ അന്വേഷണത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ മുന്നോട്ടുവച്ചത്. ബജറ്റ് വെറും വാചക കസര്‍ത്തു മാത്രമാവുമെന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്നും പ്രതികരിച്ചു, ചിലര്‍.

കാര്യങ്ങളെ പദ്ധതി ആസൂത്രണത്തിനു പുറത്തേക്കു കൊണ്ടുപോവുക എന്ന തന്ത്രമാണ് കഴിഞ്ഞ ബജറ്റില്‍ തോമസ് ഐസക് പയറ്റിയതെന്നും അതിന്റെ ബാലന്‍സ് ഷീറ്റ് അറിയാനാണ് ഇത്തവണ താന്‍ കാത്തിരിക്കുന്നതെന്നും ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം സിപി ജോണ്‍ പറഞ്ഞു. വലിയ പ്രൊജക്ടുകള്‍ക്കായി കിഫ്ബി എന്ന സംവിധാനമുണ്ടാക്കിയത് അതിന്റെ ഭാഗമാണ്. ആസൂത്രണത്തെ അപ്രസക്തമാക്കുക എന്ന അങ്ങേയറ്റം നിയോലിബറല്‍ ആയ നയത്തിനാണ് ഐസക് തുടക്കമിട്ടത്. അതിന്റെ തുടര്‍ച്ച എത്രത്തോളമുണ്ട് എന്നറിയണം.

വിലക്കയറ്റത്തെ നേരിടുന്നതിനുള്ള നടപടികള്‍, ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുമെന്ന പ്രഖ്യാപനം, നികുതി പിരിവിലെ പുരോഗതി എന്നിവയെക്കുറിച്ച് ബജറ്റ് എന്തു പറയുന്നുവെന്നറിയാന്‍ താത്പര്യമുണ്ടെന്ന് സിപി ജോണ്‍ പറഞ്ഞു. പൊതുവിതരണ സംവിധാനം പാടേ താറുമാറായിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആശയക്കുഴപ്പം കൂടിയെന്നതല്ലാതെ ഒന്നും നടന്നില്ല. കാരുണ്യ പോലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മികച്ച രീതിയില്‍ നടപ്പാക്കിയ പദ്ധതികളുടെ ഭാവിയിലും ആകാംക്ഷയുണ്ടെന്ന് സിപി ജോണ്‍ പറഞ്ഞു. 

കോമ്പൗണ്ടിങ് നടത്തിയിട്ടും അധിക നികുതിയടക്കേണ്ടി വരിക എന്ന അവസ്ഥ ഈ ബജറ്റിലെങ്കിലും മാറിക്കിട്ടുമെന്ന പ്രതീക്ഷയാണ് ചുങ്കത്ത് ജ്വല്ലറി ഉടമ സിപി പോള്‍ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ തവണ ഇക്കാര്യം ധനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും യുഡിഎഫ് കാലത്ത് വരുത്തിയ പിഴവ് തിരുത്താന്‍ ബജറ്റില്‍ നടപടിയുണ്ടായില്ല. അധിക നികുതി അടച്ചുകൊണ്ട് സ്വര്‍ണ വ്യാപാരികള്‍ക്കു മുന്നോട്ടുപോവാനാവില്ലെന്ന വസ്തുത തോമസ് ഐസക്കിനു ബോധ്യമുണ്ടെന്നാണ് കരുതുന്നതെന്ന് സിപി പോള്‍ പറഞ്ഞു. സ്വര്‍ണാഭരണത്തിനുള്ള നികുതി രണ്ടു ശതമാനമായി കുറയ്ക്കുക, കൂടുതല്‍ വ്യക്തതയോടെ നികുതി പിരിവു ചട്ടങ്ങള്‍ കൊണ്ടുവരിക എന്നിവയാണ് സ്വര്‍ണവ്യാപാരികള്‍ പ്രതീക്ഷിക്കുന്ന മറ്റു രണ്ടു പ്രധാന പ്രഖ്യാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി നടപ്പാക്കും മുമ്പ് നിലവില്‍ കെട്ടിക്കിടക്കുന്ന നികുതി അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി പ്രതീക്ഷിക്കുന്നുണ്ടെന്ന് കേരള ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ രാജാ സേതുനാഥ് പറഞ്ഞു. വ്യാപാരി വ്യവസായി സമിതി അധ്യക്ഷന്‍ ബിന്നി ഇമ്മട്ടിയും ഇതേ പ്രതീക്ഷ മുന്നോട്ടുവച്ചു. വ്യാപാരി സമൂഹത്തിന് ആശ്വാസമാവും എന്നതിനൊപ്പം സര്‍ക്കാരിനു വലിയ വരുമാനം ലഭിക്കാനുള്ള സാധ്യത കൂടിയാണ് ഇതിലൂടെ തുറന്നുകിട്ടുകയെന്ന് ഇമ്മട്ടി ചൂണ്ടിക്കാട്ടി. പുതിയ തൊഴില്‍ നിയമത്തിലൂടെ വ്യാപാരികള്‍ ചുവപ്പുനാടയില്‍ കുരുങ്ങുന്നതു തടയുന്നതിനുള്ള നടപടികളാണ് രാജാ സേതുനാഥ് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രഖ്യാപനം. തൊഴിലാളി ക്ഷേമത്തിന്റെ പേരില്‍ തൊഴിലുടമയെ ക്രൂശിക്കുന്നതിനുള്ള നിരവധി സാധ്യതകള്‍ തൊഴില്‍നിയമത്തിലുണ്ടെന്ന് സേതുനാഥ് ആരോപിക്കുന്നു.

ഒരുവിധത്തിലുള്ള ഓഡിറ്റിങ്ങിനും വിധേയമാവാത്ത ബജറ്റ് വെറും ഭരണഘടനാ ബാധ്യത മാത്രമായി മാറുന്നുവെന്ന ആശങ്കയാണ് കാലിക്കറ്റ് ചേംബര്‍ സെക്രട്ടറി ഡോ. എഎം ഷെരീഫ് പ്രകടിപ്പിക്കുന്നത്. ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംവിധാനമുണ്ടാക്കണം. സംസ്ഥാനത്തിന്റെ വരുമാനം ഇടിഞ്ഞതായി ധനമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ വാചക കസര്‍ത്തല്ലാതെ മറ്റൊന്നും ബജറ്റില്‍നിന്നു പ്രതീക്ഷിക്കുന്നില്ലെന്നും എഎം ഷെരീഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com