ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവെന്ന് പ്രതിപക്ഷം

വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍
ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍. മുഖ്യമന്ത്രിയുടെ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന പശുവാണ് ജേക്കബ് തോമസെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു.

ഭസ്മാസുരന് വരം ലഭിച്ചതുപോലെയാണ് ജേക്കബ് തോമസിന്റെ പ്രവര്‍ത്തികള്‍. ഹൈക്കോടതി ഉത്തരവിനു ശേഷം വലിയ കേസുകള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന സര്‍ക്കുലര്‍ ഇറക്കാന്‍ ജേക്കബ് തോമസിന് ആര് അധികാരം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണം സ്തംഭിച്ചെന്ന പ്രതിപക്ഷ ആരോപണം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചു.

കേരളത്തില്‍ ഭരണ സ്തംഭനമാണെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. 

ഫയല്‍ നീക്കത്തില്‍ മന്ദതയുണ്ടായിരുന്നു എന്നാലതിപ്പോള്‍ ഇല്ലാതായി. കഴിഞ്ഞ ഒന്‍പത് മാസം കൊണ്ട് 18000 ഫയലുകള്‍ തന്റെ പരിഗണനയില്‍ വന്നു. ഇതില്‍ 200 എണ്ണം മാത്രമാണ് ഇനി തീര്‍പ്പാക്കുന്നതിനായുള്ളതെന്നും പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. 

വി.ഡി.സതീശന്‍ എംഎല്‍എയാണ് പ്രതിപക്ഷത്തിനായി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമണ്. പക തീര്‍ക്കുന്നതിനായി അതീവ സുരക്ഷാ പ്രാധ്യാന്യമുള്ള രേഖകള്‍ പോലും ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഉപയോഗിക്കുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com