കോഴിക്കോട് സിപിഎം ഓഫീസിന് തീവെച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2017 10:20 AM |
Last Updated: 03rd March 2017 10:20 AM | A+A A- |

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടാനുള്ള ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനത്തിനു പിന്നാലെ കോഴിക്കോട് ആര്‍എസ്എസ് സിപിഎം സംഘര്‍ഷത്തിലേക്ക്. കോഴിക്കോട് വിഷ്ണു മംഗലത്തെ സിപിഎം ഓഫീസിന് ആക്രമികള്‍ തീവെച്ചു.
നദാപുരത്ത് ആര്‍എസ്എസ് ഓഫീസിനു നേരെ ബോംബെറുണ്ടായതിന് പിന്നാലെയാണ് സിപിഎം ഓഫീസിന് തീവെച്ചിരിക്കുന്നത്. വ്യാഴാഴ്ച ആര്‍എസ്എസ് ഓഫീസിനു നേരെയുള്ള ബോംബേറില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കാല്ലാച്ചിലിലെ ആര്‍എസ്എസ് ഓഫീസിനു നേരെയായിരുന്നു ആക്രമണം. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു.
സിപിഎം ഓഫിസിലെ തീവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓഫീസിന് തീവെച്ച ആക്രമികള്‍ ഇവിടെയുണ്ടായിരുന്ന സ്തൂഭം തകര്‍ക്കാനും ശ്രമിച്ചു.