നടിയെ അക്രമിച്ച സംഭവം: ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പോലീസ്
By സമകാലിക മലയാളം ഡസ്‌ക് | Published: 03rd March 2017 06:35 PM |
Last Updated: 03rd March 2017 06:35 PM | A+A A- |

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി സുനിയുള്‍പ്പെടെ ആറുപേര്‍ക്ക് പുറമെ ഗൂഡാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുന്നതിനായി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോന നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തിലൊരു അപേക്ഷ കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രധാന പ്രതി സുനില്‍കുമാര്‍ കൂടുതല്‍ പേരെ കാണിച്ചതായി നേരത്തെ പോലീസിന് വിവരം കിട്ടിയിരുന്നു. മാത്രമല്ല, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ആദ്യം ഓടയില്‍ ഇട്ടെന്നായിരുന്നു സുനി മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് കായലില്‍ ഒഴുക്കിയെന്ന് മൊഴിമാറ്റി നല്‍കി. ഈ സ്ഥലങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍.