റീപോസ്റ്റുമോര്‍ട്ടം ചെയ്യാതെ ജവാന്റെ മൃതദേഹം ഏറ്റുവാങ്ങില്ല
Published: 04th March 2017 08:58 AM |
Last Updated: 04th March 2017 10:11 AM | A+A A- |

കൊല്ലം: റീപോസ്റ്റുമോര്‍ട്ടം ചെയ്യാതെ നാസിക്കിലെ സൈനീക ക്യാമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജവാന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാകാതെ മരിച്ച റോയ് മാത്യുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
റോയ് മാത്യുവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കൊല്ലം ജില്ലാ കളക്റ്റര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൊട്ടാരക്കര റൂറല്‍ പൊലീസ് മേധാവിക്കാണ് കളക്റ്റര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മരിച്ച റോയ് മാത്യുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോയ് മാത്യുവിന്റെ ഭാര്യ ജില്ലാ കളക്റ്റര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായുള്ള കളക്റ്ററുടെ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി കൊട്ടാരക്കര റൂറല്‍ എസ്പി വ്യക്തമാക്കി.