ബജറ്റ് ചോര്‍ച്ച; ഈ ചിത്രങ്ങളിലുണ്ട് മുഴുവന്‍ നാടകവും

വിവാദത്തിനു തിരി കൊളുത്തിവിട്ടത് ഉമ്മന്‍ ചാണ്ടി - ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടില്‍ കെഎം മാണി 
ബജറ്റ് ചോര്‍ച്ച; ഈ ചിത്രങ്ങളിലുണ്ട് മുഴുവന്‍ നാടകവും

കൊച്ചി: രാഷ്ട്രീയത്തില്‍ കളി പഠിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്‌കൂളില്‍ ചേരണമെന്ന് ഏതു കോണ്‍ഗ്രസുകാരനും സമ്മതിക്കും. ഇനിയും അതില്‍ സംശയങ്ങളുള്ളവര്‍ ഇന്നലെ നിയമസഭയില്‍ നടന്ന ബജറ്റ് ചോര്‍ച്ചാ നാടകത്തിന്റെ ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ മതി. മലയാളത്തിലെ രണ്ടു പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാലേ നിയമസഭയില്‍ നടന്ന നാടകത്തിന്റെ പൂര്‍ണ ചിത്രം കിട്ടൂ.

ബജറ്റ് അവതരണത്തിനിടെ പുറത്തേക്കു പോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കയ്യില്‍ ചില കടലാസുകളുമായി തിരികെ വരുന്നതും അതിനെക്കുറിച്ച് വിഡി സതീശനോടു വിശദീകരിക്കുന്നതുമാണ് മലയാള മനോരമ പ്രസിദ്ധീകരിച്ച ഈ ചിത്രത്തിലുള്ളത്. മധ്യത്തിലുള്ള ഇരിപ്പിടത്തില്‍ ഒന്നിലിരുന്നു ഉമ്മന്‍ ചാണ്ടി സതീശനെ വിളിക്കുന്നു, സംഗതി വിശദീകരിക്കുന്നു. എന്തോ കാര്യമായി തടഞ്ഞിട്ടുണ്ടെന്ന സൂചനയില്‍ മറ്റ് അംഗങ്ങള്‍ എത്തിനോക്കുന്നതും ഈ ചിത്രത്തില്‍ വ്യക്തമാണ്. 

വിഡി സതീശന്‍ കടലാസുകളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സമീപത്തെത്തുന്നു. കാര്യം വിശദീകരിച്ച ഉടനെ ചെന്നിത്തല എഴുന്നേറ്റുനിന്ന് പ്രശ്‌നം ഉന്നയിക്കുന്നു. അതോടെയാണ് സഭ ബഹളത്തിലേക്കു നീങ്ങിയത്. യുഡിഎഫ് അംഗങ്ങളെല്ലാം ബഹളത്തില്‍ പങ്കുചേര്‍ന്ന് ചെന്നിത്തലയ്‌ക്കൊപ്പം നില്‍ക്കുന്നത് മറ്റൊരു പത്രം പ്രസിദ്ധീകരിച്ച രണ്ടാമത്തെ ചിത്രത്തില്‍ വ്യക്തമാണ്. അതില്‍ പക്ഷേ ഉമ്മന്‍ ചാണ്ടി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ നിസംഗനായാണ് ഇരിക്കുന്നത്. യുഡിഎഫിനൊപ്പം സഭ ബഹിഷ്‌കരിക്കുകയും പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണം എന്നാവശ്യപ്പെടുകയും ചെയ്ത മുന്‍ ധനമന്ത്രി കെഎം മാണി ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിലിരിക്കുന്നതും മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രത്തില്‍ കാണാം.


തന്റെ ഓഫിസില്‍ ചോര്‍ന്നുകിട്ടിയ ബജറ്റിന്റെ കോപ്പിയാണ് കയ്യിലിരിക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചത്. രമേശ് ചെന്നിത്തിലയുടെ ഓഫിസില്‍ കിട്ടിയ കോപ്പി ഉമ്മന്‍ ചാണ്ടി വിഡി സതീശന്‍ വഴി ചെന്നിത്തലയുടെ കൈയിലെത്തിച്ചതാണോ എന്ന കൗതുകവും ചോര്‍ച്ചാ നാടകത്തില്‍ ബാക്കിയാവുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com