മണിയുടെ മരണം: കേസ് ഏറ്റെടുക്കാത്തതിന് സര്‍ക്കാരിനോടും സി.ബി.ഐയോടും വിശദീകരണം തേടി ഹൈക്കോടതി
By സമകാലിക മലയാളം ഡസ്‌ക് | Published: 06th March 2017 05:32 PM |
Last Updated: 06th March 2017 05:32 PM | A+A A- |

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ സിബി.ഐ. അന്വേഷണത്തിന് വിട്ടതു സംബന്ധിച്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സി.ബി.ഐയോടു കേസ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് വിശദീകരണം തേടാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ അഡ്വ. ഉദയഭാനു മുഖാന്തരം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കലാഭവന്‍ മണി കൊല്ലപ്പെട്ടതാണെന്ന വാദത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ.യോട് ആവശ്യപ്പെട്ടതായി പത്രമാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഇതുസംബന്ധിച്ച് ഒരു അറിയിപ്പും സര്‍ക്കാരില്‍നിന്നും ലഭിച്ചിട്ടില്ല. സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഹര്‍ജിയില്‍ പറയുന്നു.
കലാഭവന്‍ മണി മരണപ്പെട്ടിട്ട് ഒരുവര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന പരാതി രാമകൃഷ്ണന്‍ ഉന്നയിച്ചിരുന്നു. മാര്‍ച്ച് നാലു മുതല്‍ മണിയുടെ കുടുംബം ചാലക്കുടിയില്‍ ഉപവാസമിരിക്കുകയാണ്. മണിയുടെ മരണം കൊലപാതകം തന്നെയാണെന്ന് കുടുംബം ഉറച്ചുവിശ്വസിക്കുന്നതായും രാമകൃഷ്ണന്‍ ഹൈക്കോടതി മുമ്പാകെ നല്‍കിയ ഹര്‍ജിയിലുണ്ട്. മണിയുടെ മരണത്തില്‍ അസ്വാഭാവികമായതൊന്നുമില്ലെന്ന് നേരത്തെ അന്വേഷിച്ച പോലീസ് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെയാണ് കുടുംബം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട രംഗത്തെത്തിയത്.