മലബാര്‍ സിമന്റ്‌സ് കേസില്‍ വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2017 11:23 AM |
Last Updated: 06th March 2017 11:25 AM | A+A A- |

പാലക്കാട്: ഫ്‌ളൈ ആഷ് ഇടപാടുമായി ബന്ധപ്പെട്ട് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് വ്യവസായി വി.എം.രാധാകൃഷ്ണന്‍ വിജിലന്‍സിന് മുന്‍പാകെ കീഴടങ്ങി. മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് അന്വേഷിക്കുന്ന പാലക്കാട് വിജിലന്‍സ് സംഘത്തിന് മുന്‍പാകെയാണ് രാധാകൃഷ്ണന്‍ കീഴടങ്ങിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഒരാഴ്ചയ്ക്കകം അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങാനും രാധാകൃഷ്ണനോട് നിര്‍ദേശിച്ചിരുന്നു. കീഴടങ്ങിയതിനു ശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്.
ഫ്‌ളൈ ആഷ് ഇറക്കുമതി കേസില്‍ മൂന്നാം പ്രതിയാണ് രാധാകൃഷ്ണന്‍. മലബാര്‍ സിമന്റ്‌സ് മുന്‍ എംഡിയടക്കം നാല് പേരാണ് കേസില്‍ പ്രതികള്‍. മലബാര്‍ സിമന്റ്‌സും രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്റ് മിനറല്‍സ് എന്ന സ്ഥാപനവും 9 വര്‍ഷത്തേക്കുണ്ടാക്കിയ കരാറില്‍ നിന്നും രാധാകൃഷ്ണന്റെ കമ്പനി ഏകപക്ഷീയമായി പിന്‍മാറിയെന്നതാണ് കേസ്.
കരാറുണ്ടാക്കി നാലു വര്‍ഷത്തിനു ശേഷം രാധാകൃഷ്ണന്റെ സ്ഥാപനം പിന്‍മാറുകയും ബാങ്കില്‍ നല്‍കിയ സെക്യൂരിറ്റി തുകയും പലിശയും പിന്‍വലിക്കുകയുമായിരുന്നു.