മഹാരാജാസില്‍ മുഖ്യമന്ത്രി പറഞ്ഞതെന്ത്?
By സമാലിക മലയാളം ഡെസ്‌ക് | Published: 06th March 2017 02:02 PM |
Last Updated: 06th March 2017 02:02 PM | A+A A- |

കൊച്ചി: മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചതായ വാര്‍ത്ത തെറ്റെന്ന് പ്രസംഗത്തിന്റെ വിഡിയോയില്‍ വ്യക്തം. കഴിഞ്ഞ ദിവസം നടന്ന മഹാരാജകീയം പരിപാടിക്കിടെ മുഖ്യമന്ത്രി വിദ്യാര്‍ഥികളുടെ നടപടിയെ വിമര്‍ശിച്ചു എന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ മാനസിക വൈകൃതം നിറഞ്ഞ മുതിര്‍ന്നവരുടെ സമീപനത്തെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചതെന്ന് പ്രസംഗത്തിന്റെ ഈ ഭാഗത്തില്‍നിന്ന് വ്യക്തമാണ്. ആണ്‍കൂട്ടികളുടെ ചൂടു പറ്റാനാണോ പെണ്‍കുട്ടികള്‍ കോളജില്‍ വരുന്നതെന്ന പ്രിന്‍സിപ്പലിന്റെ വിവാദ പ്രസ്താവനയ്ക്കു നേരെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് വ്യക്തം.
മുഖ്യമന്ത്രിയുടെ പ്രസംഗം ഇങ്ങനെ:
'ഒറ്റപ്പെട്ട രീതിയിലെങ്കിലും തെറ്റായ കാര്യങ്ങള്‍ സംഭവിക്കാം. അത് എങ്ങനെ സംഭവിച്ചുവെന്ന കൃത്യമായ ആത്മപരിശോധനയിലേക്ക് നമുക്ക് പോകാന്‍ കഴിയേണ്ടതുണ്ട്. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് മനുഷ്യസഹജമായി തന്നെ തെറ്റ് സംഭവിക്കാം. പക്ഷേ ആ തെറ്റ് തിരുത്താന്‍ കൂടെ ആര്‍ജ്ജവം കാണിക്കണം. അവിടെയാണ് ശരിയായ രീതി പാലിക്കേണ്ടതിന്റെ പ്രത്യേകത കുടികൊള്ളുന്നത്. ആരും തെറ്റിന് അതീതരല്ല. തെറ്റ് സംഭവിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുക, സംഭവിച്ചു പോയതില്‍ അത് തിരുത്താനുള്ള ആര്‍ജ്ജവം കാണിക്കുക. അതോടൊപ്പം ഒരു കലാലയമാകുമ്പോള്‍ രണ്ട് വിഭാഗമുണ്ട്. ഒന്ന് ഇളംപ്രായം. നല്ല ചോരത്തിളപ്പോടെ നില്‍ക്കുന്ന കാലം. എന്തിനോടും മുട്ടി നോക്കാന്‍ തയ്യാറുള്ളൊരു ഘട്ടം. അങ്ങനെയൊരു പ്രായത്തിലുള്ള ഒരു സമൂഹം. അതേ സമയം അതേ കലാലയത്തില്‍ മുതിര്‍ന്നവരും ഉണ്ട്. അപ്പോള്‍ മുതിര്‍ന്നവര്‍ എല്ലാ ഘട്ടത്തിലും ആ മുതിര്‍ന്നവര്‍ എന്ന രീതിയിലുള്ള സംയമനത്തേടെയായിരിക്കണം കാര്യങ്ങള്‍ നീക്കുന്നത്. അവരെ തെറ്റിലേക്ക് പോകാതിരിക്കാന്‍ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുതിര്‍ന്നവരായാലും ഇളംപ്രായക്കാരായാലും മാനസിക വൈകൃതം എല്ലാവരിലും ഉണ്ടാകാം. ഇപ്പോള്‍ മുതിര്‍ന്നവരിലുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള മാനസിക വൈകൃതത്തിന്റെ ഭാഗമായി ഇളംതലമുറയെ തെറ്റിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചാല്‍ അതിന്റെ ഫലം നാമെല്ലാം വിചാരിക്കുന്നതിനേക്കാള്‍ ദേഷകരമായി ഭവിക്കും. ഇതും നാം ശ്രദ്ധിക്കേണ്ട കാര്യമാണ്.
അപ്പോള്‍ ഏതെങ്കിലും തരത്തില്‍ ഇളം തലമുറയില്‍ തെറ്റ് കാണുന്നുവെങ്കില്‍ ആ തെറ്റ് തിരുത്താനുള്ള ബാധ്യതയാണ് മുതിര്‍ന്ന തലമുറയില്‍ ഉള്ളത് എന്നാണ് അവരെ ഭരിക്കേണ്ടവ. അതിനുള്ള മുന്‍കൈ അവര്‍ എടുക്കണം. അതല്ലെങ്കില്‍ അതിനുള്ള ചുമതല നിങ്ങള്‍ക്കുണ്ട് എന്ന് ആ മുതിര്‍ന്നവരുടെ കൂട്ടത്തില്‍പ്പെട്ട കാലാലയത്തിന്റെ ഭാഗമായി നില്‍ക്കുന്ന എല്ലാവരോടും പറയുന്നതിന് ഈ അവസരം ഉപയോഗിക്കുകയാണ്'