സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2017 02:02 PM |
Last Updated: 06th March 2017 02:13 PM | A+A A- |

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയുടെ ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത് ഗൗരവകരമായ വിഷയമാണെന്ന് കോടതി വിലയിരുത്തി.
വ്യക്തിപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ മാറ്റിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നത് പരിഹാസ്യമാണ്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ മാറ്റിയാല്‍ പിന്നെ ആരുണ്ടാകുമെന്നും കോടതി ചോദിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്ന് സെന്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. സംസ്ഥാന പൊലീസില്‍ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും, ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം 96 ഐപിഎസുകാരെ സ്ഥലം മാറ്റിയതായും കോടതിയില്‍ അഭിഭാഷകന്‍ ആരോപിച്ചു.
സിപിഎം നേതാക്കള്‍ക്കെതിരെ കേസ് അന്വേഷിച്ചതിനെ തുടര്‍ന്നാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ സെന്‍കുമാര്‍ ആരോപിച്ചിരുന്നു. പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറാകാതിരുന്നതോടെയാണ് സെന്‍കുമാര്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.