എല്ലാ രാത്രിയിലും അയാള്‍ വിളിച്ചു, പ്രണയത്തെക്കുറിച്ചുള്ള ഉറുദു കവിതകള്‍ ചൊല്ലി

എന്റെ കാല്‍ക്കല്‍ അയാളിരുന്നു. സുന്ദരനാണയാള്‍. ഒരു രാജകുമാരന്റെ ചിരി. വലിയ സദസ്സുകളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന സുവിശേഷ പ്രസംഗങ്ങള്‍ ചെയ്യുവാന്‍ അയാള്‍ക്കാകും.
എല്ലാ രാത്രിയിലും അയാള്‍ വിളിച്ചു, പ്രണയത്തെക്കുറിച്ചുള്ള ഉറുദു കവിതകള്‍ ചൊല്ലി

മെറിലി വെയ്‌സ്‌ബോഡ് എഴുതിയ മാധവിക്കുട്ടിയുടെ ജീവിത കഥ പ്രണയത്തിന്റെ രാജകുമാരി വിവാദങ്ങളില്‍ ഇടംപിടിക്കുകയാണ്. പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ തനിക്ക് അപകീര്‍ത്തികരമെന്നു ചൂണ്ടിക്കാട്ടി മാനനഷ്ടക്കേസിനൊരുങ്ങുകയാണ് മുസ്ലിം ലീഗ് നേതാവ് എംപി അബ്ദുല്‍ സമദ് സമദാനി. പുസ്തകം പിന്‍വലിക്കണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അഡ്വ. പിഎസ് ശ്രീധരന്‍പിള്ള മുഖേന നല്‍കിയ നോട്ടീസില്‍ സമദാനി ആവശ്യപ്പെട്ടിരിക്കുന്നത്.

പുസ്തകത്തിലെ ഒരധ്യായത്തില്‍ സാദിഖ് അലി എന്ന മുസ്‌ലിം ലീഗ് എംപിക്ക്‌
കമലാ സുരയ്യയുമായി ബന്ധമുണ്ടെന്ന് പരാമര്‍ശമുണ്ട്. സാദിഖ് അലിയാണ് കമലാസുരയ്യയുടെ മതംമാറ്റത്തിന് കാരണമായതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ സാദിഖ് അലി എന്ന പേരില്‍ മുസ്‌ലിം ലീഗ് എംപി
ഉണ്ടായിട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് അതെന്നുമാണ് സമദാനി വക്കീല്‍ നോട്ടീസില്‍ പറയുന്നത്. സമദാനിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് പുസ്തകം പ്രസിദ്ധീകരിച്ച ഗ്രീന്‍ ബുക്‌സ് എംഡി കൃഷ്ണദാസ് പറയുന്നത്. 


സാദിഖ് അലിയെയെയും സുരയ്യയുടെ മതംമാറ്റത്തെയും പരാമര്‍ശിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളിലേക്ക്:

ഈ മതം മാറ്റത്തിന്റെ ഒരു മാസത്തിനുശേഷം കമലയുടെ വെളിപാട് നല്‍കുന്ന കത്തു വന്നു.
പ്രിയപ്പെട്ട മെറിലി,
നവംബര്‍ പതിന്നാലാം തീയതി സാദിക് അലി എന്നൊരു യുവാവ് എന്നെക്കാണുവാന്‍ വന്ന അന്നു മുതല്‍ എന്റെ ജീവിതം അപ്പാടെ മാറിയിരിക്കുന്നു. മുപ്പത്തിയെട്ട് വയസ്സായ ഒരാളാണദ്ദേഹം. സുന്ദരമായ ഒരു പുഞ്ചിരിയുണ്ടയാള്‍ക്ക്. അതിനുശേഷം അയാള്‍ എന്നെ ദുബായില്‍നിന്നും അബുദാബിയില്‍നിന്നും വിളിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ തമ്മില്‍ വിവാഹിതരാകുകയാണെങ്കില്‍ എനിക്കുവേണ്ടി എന്തൊക്കെ ചെയ്യുമെന്നയാള്‍ പറഞ്ഞു. അതിനോടൊപ്പം അയാള്‍ ഉറുദു ഈരടികളും ചൊല്ലിക്കൊണ്ടിരുന്നു. ഞാന്‍ എന്റെ തോഴി മിനിയേയും കൂട്ടി അയാളുടെ അടുത്തേക്കു പോയി. മൂന്നുദിവസം അയാളോടൊത്ത് താമസിച്ചു. അവിടെ ഒരു പുഴയുണ്ട്, കുറച്ചു മരങ്ങളുണ്ട്, പിന്നെ നിറഞ്ഞ ചിരിയുമുണ്ട്. എന്നോട് മുസ്ലീമാവണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ അത് അനുസരിച്ചു. അതുകേട്ടപാടെ മാധ്യമക്കാര്‍ മുഴുക്കെ ഇരച്ചുകയറി. ഹിന്ദു മത മൗലികവാദികളും ശിവസേനയും രാഷ്ട്രീയ സ്വയം സേവക് സംഘും(ആര്‍.എസ്.എസ്.) നാടുനീളെ പോസ്റ്ററുകള്‍ പതിച്ചു. ''മാധവികുട്ടിക്ക് ഭ്രാന്താണ്. അവരെ കൊല്ലുക.'' എന്റെ സുരക്ഷയ്ക്കായി അയച്ച എട്ട് പോലീസുകാരെ എനിക്ക് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ എന്റെ വീടിനു തൊട്ടുള്ള ഫ്‌ലാറ്റില്‍ താമസിച്ച് ഇരുപത്തിനാലു മണിക്കൂറും ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നു. പുറത്തു പോകരുതെന്നും ഒരു സമയത്ത് ആറില്‍ കൂടുതല്‍ പേരുള്ള സംഘങ്ങളോട് സംസാരിക്കരുതെന്നും കാണിച്ച് എനിക്ക് കോടതി ഒരു നോട്ടീസ് അയച്ചിട്ടുണ്ട്. കറുത്ത പര്‍ദ ധരിച്ച്, അറബി പഠിക്കുന്ന ഞാനിപ്പോള്‍ മുസ്ലീം വിഭാഗത്തിന്റെ ഇടയില്‍, ആരാധിക്കപ്പെടേണ്ട ഒരു വ്യക്തിയായിരിക്കുന്നു.
എന്നാല്‍ എന്റെ ഹിന്ദുബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോള്‍ എന്നില്‍നിന്നും ഒരകലം പാലിക്കുന്നു. അവര്‍ക്ക് എന്നെ സമൂഹത്തില്‍നിന്നും ഭ്രഷ്ടാക്കണം. എന്റെ സഹോദരി ഇതിനിടെ എന്നെ രണ്ട് തവണ സന്ദര്‍ശിച്ചു. അവള്‍ കരയുക മാത്രമാണ് ഈ രണ്ടു തവണയും ചെയ്തത്. എനിക്ക് എന്റെ അമ്മയെ കാണുവാനാകുന്നില്ല. അതല്ലെങ്കില്‍ ജീവിതം ആവേശകരംതന്നെ.
സസ്‌നേഹം,
കല ദാസ്
(സുരയ്യ)

മതംമാറ്റം നടന്നതിനുശേഷം മെറിലി ആദ്യമായി കമലയെ കാണുവാന്‍ പോയ സന്ദര്‍ഭത്തെ പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു:

കമലയുടെ വ്യക്തിത്വം എന്തുമാകട്ടെ, എന്നോടുള്ള സ്‌നേഹത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. കമല എനിക്ക് വെള്ളി നിറമുള്ള ഒരു സെല്‍ഫോണ്‍ കാണിച്ചുതന്നു. അത് ഒരു വിഗ്രഹംപോലെ വച്ചിരിക്കുകയായിരുന്നു. മുപ്പത്തിയെട്ടുകാരനും, ഇസ്ലാം പണ്ഡിതനും മലബാറില്‍ നിന്നുള്ള മുസ്ലീം ലീഗ് എം.പിയും, അപ്പോള്‍ അവിടെ ഹാജരില്ലാത്ത കമലയുടെ കാമുകനുമായ സാദിഖ് അലി തന്ന ഒരു സമ്മാനമാണത് എന്നാണ് കമല പറഞ്ഞത്. ഈ ഫോണ്‍ കമല ഒരു സ്വര്‍ണ്ണച്ചങ്ങലയില്‍ കൊളുത്തി, ആ ചങ്ങല അരയിലണിഞ്ഞു നടക്കുന്നു. തന്റെ കറുത്ത വസ്ത്രത്തിനു മുകളിലാണീ സ്വര്‍ണ്ണച്ചങ്ങല. ''ഞങ്ങളുടെ പ്രണയത്തിനുള്ള സമര്‍പ്പണം'' എന്നാണ് കമല ഇതിനെപ്പറ്റി പറഞ്ഞത്.
തന്റെ വളകള്‍ കിലുങ്ങുകയും സന്ദര്‍ശകര്‍ ആശ്ചര്യപ്പെടുകയും ചെയ്യുമ്പോള്‍ കമലയുടെ ശ്രദ്ധ ഫോണിലാണ്. സാദിഖ് അലിയുടെ ഒരു വിളിക്കായി കാതോര്‍ക്കുകയാണവര്‍. സന്ദര്‍ശകരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ കമല എന്നോട് പറഞ്ഞത്, തങ്ങളുടെ ആദ്യ സന്ദര്‍ശനത്തിനുശേഷം അയാള്‍ തന്നെ നാലുദിവസം തുടര്‍ച്ചയായി വിളിച്ചു എന്നാണ്. എന്നും അര്‍ദ്ധരാത്രിയിലായിരുന്നു ആ വിളി.

തന്റെ പ്രണയകഥ കമല മെറിലിയോട് പറഞ്ഞുതുടങ്ങിയതിനെക്കുറിച്ച് അവര്‍ എഴുതുന്നതിങ്ങനെ:

കമലയുടെ ഒരു ബന്ധുവിനോട് സന്ദര്‍ശനത്തിനവസരം ചോദിച്ചത് സാദിഖ് അലിയായിരുന്നു. വര്‍ഷങ്ങളായി കമലയോട് ആദരവുണ്ടെന്ന് അയാള്‍ പറഞ്ഞു. രണ്ടു മണിക്കൂര്‍ സമയമാണ് കമല അനുവദിച്ചത്. ആ സന്ദര്‍ശനത്തിനായി സാദിഖ് അലി തന്റെ ചെറിയ പട്ടണത്തില്‍നിന്നും അഞ്ചുമണിക്കൂര്‍ യാത്ര ചെയ്ത് കൊച്ചിയിലെത്തി.
''എന്റെ കാല്‍ക്കല്‍ അയാളിരുന്നു. സുന്ദരനാണയാള്‍. ഒരു രാജകുമാരന്റെ ചിരി. വലിയ സദസ്സുകളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന സുവിശേഷ പ്രസംഗങ്ങള്‍ ചെയ്യുവാന്‍ അയാള്‍ക്കാകും. അഞ്ചുമണിക്കൂര്‍ വരെ നീളും അയാളുടെ പ്രസംഗങ്ങള്‍. ഒരു നവജാതശിശുവിന്റെ കരച്ചിലോളം ശുദ്ധതയുള്ള തന്റെ ശബ്ദത്താല്‍ അയാള്‍ക്ക് തന്റെ സദസ്സിനെ ഒരു നാലുവരി കവിത ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാസ്മരികയിലെന്നപോലെ പിടിച്ചിരുത്തുവാനാകും.''
തന്റെ സംഭാഷണശൈലി, പാണ്ഡിത്യം, ഇടതൂര്‍ന്ന മുടി, വെളുത്ത പല്ല്, ''അസാമാന്യ നിഷ്‌കളങ്കതയുള്ള ചിരി'' എന്നിവയെല്ലാം കൊണ്ടാണ് സാദിഖ് അലി കമലയെ ആകര്‍ഷിച്ചത്. തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കുവാന്‍ അനുവദിക്കുമോ എന്ന് സാദിഖ് അലി ചോദിച്ചു. അവരിരുവരും ചൂരല്‍ കസേരയിലിരുന്ന്, ചിരിച്ചുകൊണ്ട് പ്ലം കേക്ക് തിന്നുന്ന ഫോട്ടോയെടുത്തു. ''ആദ്യതവണ കണ്ടപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തൊക്കെ സംസാരിച്ചു എന്നത് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. പക്ഷേ, അന്ന് കാലത്ത് മുതല്‍ പൊടുന്നനെ ഞങ്ങളുടെ വീട്ടിലേക്ക് പൊട്ടിച്ചിരികള്‍ കടന്നുവന്നു. ആ ചിരി ശൂന്യമായ ഓരോ വിടവുകളും നികത്തിക്കൊണ്ടിരുന്നു.''
''എന്നെ ഊട്ടുന്നില്ലേ....'' സാദിഖ് അലി കളിയായി പറഞ്ഞു. കമല അനുവദിച്ച രണ്ട് മണിക്കൂര്‍ അങ്ങനെ ഉച്ചഭക്ഷണത്തിലേക്ക് നീങ്ങി.
''എനിക്ക് നിങ്ങളുടെ ചുണ്ടുകള്‍ തൊടാനാകില്ലല്ലോ'' കമലയുടെ പ്രതികരണം. മുസ്ലീം സമുദായത്തിലുള്ളവര്‍ പശുവിന്റെ മാംസം ഭക്ഷിക്കുന്നവരാണെന്നും അത് അവരുടെ ശ്വാസത്തിന്റെ ഗന്ധം മലീമസമാക്കുന്നുവെന്നും കമലയുടെ അമ്മൂമ്മ താക്കീത് നല്‍കിയിരുന്നു. അവരെ സ്പര്‍ശിക്കുന്നത് ഭ്രഷ്ടിന് കാരണമാകും. ''എന്നെപ്പോലെ സസ്യാഹാരിയായ ഒരാള്‍ ഒരു മ്ലേച്ഛന്റെ വായ് ഒരിക്കലും സ്പര്‍ശിക്കുകയില്ല'' കമല പറഞ്ഞു.
''എങ്കില്‍ താങ്കള്‍ക്ക് ഞാന്‍ ഭക്ഷണം കോരി തരാം.'' സാദിഖ് അലി പറഞ്ഞു. അയാള്‍ പാത്രത്തില്‍ വിളമ്പിയത് ചെറു തുണ്ടുകളാക്കി.
അയാള്‍ കമലയുടെ വീട്ടില്‍ നിന്നിറങ്ങിയപ്പോഴേക്കും, അയാളുടെ ശൃംഗാരങ്ങള്‍ കമലയിലെ ദീര്‍ഘകാലമായി കുഴിച്ചുമൂടപ്പെട്ടിരുന്ന വികാരങ്ങളേയും ആഗ്രഹങ്ങളേയും തട്ടിയുണര്‍ത്തി. ''വര്‍ഷങ്ങളായി ഒരു ചെറുപ്പക്കാരന്റെ കവിളില്‍ പുതുസ്‌നേഹത്തിന്റെ ചുവപ്പ് ഞാന്‍ കണ്ടിട്ട്.''
ആഗ്രഹങ്ങളെ, അടിവയറില്‍ വരുന്ന ആ ചെറു നോവിനെ, ഒരു ഊഞ്ഞാല്‍ പോലെ ഇളകിയാടുന്ന രക്ത ചംക്രമണത്തെ, കമല വെറുതെ വിട്ടിട്ട് പതിറ്റാണ്ടുകളായിട്ടുണ്ടായിരുന്നു.
വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സാദിഖ് അലി കമലയെ വിളിച്ചു. വിഴിനീളെ തന്റെ മനസ്സില്‍ എന്തായി എന്ന് കമലയോട് പറഞ്ഞു. വഴിനീളെ തന്റെ മനസ്സില്‍ എന്തായി എന്ന് കമലയോട് പറഞ്ഞു. അപ്പോള്‍ അയാളുടെ വാക്കുകള്‍ പുറത്തേക്കൊഴുകുവാനാകാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അത് സ്വരത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. ''നിങ്ങള്‍ ഒരു നല്ല സംഗീതംപോലെ എന്നെ പിന്തുടരുന്നു'' എന്നാണയാള്‍ പറഞ്ഞത്.
പിന്നെ എട്ടുദിവസം തുടര്‍ച്ചയായി, എല്ലാ രാത്രിയിലും അയാള്‍ വിളിച്ചു. അയാള്‍ എവിടെയായിരുന്നാലും വിളിച്ചു. അബുദാബിയില്‍നിന്നും ദുബായില്‍നിന്നും വിളി വന്നു. ഓരോ തവണ വിളിച്ചപ്പോഴും പ്രണയത്തെക്കുറിച്ചുള്ള ഉറുദു കവിതകള്‍ ചൊല്ലി.
''എന്തൊരു മധുരമുള്ള സംസാരം. ഇത് എനിക്കൊരു പുതിയ അനുഭവമായിരുന്നു. കാരണം, പ്രണയത്തെക്കുറിച്ച് ഞാന്‍ മുമ്പും പലതും ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ചിന്തിച്ചിരുന്നത് എനിക്ക് ലഭിച്ചിരുന്നില്ല. ഈ കുട്ടി ആദ്യമായി ഞാനൊരു പെണ്ണാണെന്ന ചിന്ത എന്നിലുണര്‍ത്തി അവന്റെ സ്വരം ഒരു ക്ഷേത്രമണിപോലെ മുഴങ്ങുന്നതായിരുന്നു. അയാള്‍ പോയതിനുശേഷവും ആ സ്വരം എനിക്ക് കേള്‍ക്കാമായിരുന്നു.''
സാദിഖ് അലിക്ക് രണ്ട് ഭാര്യമാരുണ്ട്. എന്നാല്‍ ഒരു മുസ്ലീം എന്ന നിലയില്‍ നാലു ഭാര്യമാര്‍ വരെയാകാം. അദ്ദേഹം കമലയെ തന്റെ നാട്ടിന്‍പുറത്തെ വീട്ടില്‍ താമസിക്കുവാന്‍ ക്ഷണിച്ചു. ഒരു മാസത്തെ തുടര്‍ച്ചയായ, അഗാധമായ, ബന്ധത്തിനുശേഷം കമല അയാളുമൊത്ത് പ്രണയത്തിലായിരുന്നു. അതിനാല്‍ കമല ക്ഷണം സ്വീകരിച്ചു. പ്രണയിതാക്കള്‍ ദീര്‍ഘദീര്‍ഘം സംസാരിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഭക്ഷണം വിളമ്പിയിരുന്നത് കമലയുടെ വേലക്കാരി മിനിയോ അല്ലെങ്കില്‍ സാദിഖ് അലിയുടെ രണ്ടാമത്തെ ഭാര്യയോ ആയിരുന്നു. അവര്‍ക്ക് ഒരു പണ്ഡിത എന്ന നിലയില്‍ കമലയോട് ബഹുമാനമായിരുന്നു. അവരുടെ ഗ്രാമത്തിലെ ഉത്സവത്തിനായൊരുക്കിയ വിരുന്നിന്, കമല, തന്റെ കാറില്‍ സാദിഖ് അലിയുടെ കുടുംബത്തിനെ യാത്രയാക്കി. അവര്‍ അപ്രത്യക്ഷരാകുന്നത് കമല നോക്കിനിന്നു. പിന്നെ ഒന്ന് വിശ്രമിക്കുവാന്‍ തീരുമാനിച്ചു.
''ഞാനുറങ്ങുവാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് സാദിഖ് അലി എന്റെയടുക്കലെത്തുന്നത്. അയാള്‍ എന്നെ പുണര്‍ന്നു. അയാള്‍ മന്ദം മന്ദമാണ് ശ്വസിച്ചിരുന്നത്. എന്റെ കാതിലയാള്‍ സ്‌നേഹമന്ത്രങ്ങള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു. അയാള്‍ എന്റെ മുഖത്ത് ചുംബിച്ചു.........................

ഇരുവരും തമ്മിലുള്ള ബന്ധത്തെ വിശദമാക്കുന്ന കമലയുടെ വാക്കുകളാണ് മെറിലി വെയ്‌സ്‌ബോര്‍ഡ് എഴുതുന്നത്. ഇങ്ങനെ പുസ്തകത്തില്‍ കുറിക്കുന്നു:

ഇതിനു മുമ്പൊരിക്കലും ഒരു പുരുഷന്‍ എന്നില്‍ ഇത്രകണ്ട് ആനന്ദകരമായ ഒരു കളിക്കൂട്ടാകുമെന്ന് താന്‍ ധരിച്ചിട്ടില്ലെന്നാണ് കമല എന്നോട് പറഞ്ഞത്.
എന്നാല്‍ പിറ്റേന്ന് കമലയുടെ മനസ്സിലെ ചിന്തകള്‍ മറ്റൊന്നായിരുന്നു. ''ഞാന്‍ മലീമസപ്പെട്ടിരിക്കുന്നു'' കമല സാദിഖ് അലിയോട് പറഞ്ഞു. അവര്‍ തമ്മിലുള്ള ബന്ധത്തിലുള്ള അനാശാസ്യത അവരുടെ മനസ്സില്‍ ലജ്ജയുണ്ടാക്കി.
''സാരമില്ല. ഞാന്‍ താങ്കളെ വിവാഹം കഴിച്ചുകൊള്ളാം.'' അയാള്‍ വാക്കുകൊടുത്തു. ''ഇന്നേക്ക് പന്ത്രണ്ടാം ദിവസം. താങ്കള്‍ ദല്‍ഹിയില്‍ എന്റെ ദല്‍ഹി ഭാര്യയായി താമസിക്കും. വിവാഹം കഴിഞ്ഞാല്‍ പിന്നെ ശേഷിച്ചതെല്ലാം മാഞ്ഞുപോകും.''
അപ്പോള്‍ കമല ഒരു പട്ടുസാരിയുടുത്തു. മടക്കയാത്രയ്ക്ക് തയ്യാറായി ഇരുന്നു. അയാള്‍ അപ്പോള്‍ ജനലിനരികിലിരുന്ന് കരയുകയായിരുന്നു. അയാളുടെ തേങ്ങല്‍ കേട്ട കമല ഒരു ദിവസം കൂടി നില്‍ക്കുവാന്‍ സമ്മതിച്ചു. അന്ന് അയാള്‍ കമലയെ സുരയ്യ എന്ന് നാമകരണം ചെയ്തു. സുരയ്യ എന്നാല്‍ പ്രഭാതനക്ഷത്രം. അയാള്‍ക്ക് വിവാഹം കഴിക്കണമെങ്കില്‍ കമല മുസ്ലീം മതം സ്വീകരിക്കണമെന്ന് അയാള്‍ പറഞ്ഞു. കമലയ്ക്ക് യാത്രയാകുവാന്‍ സമയമായപ്പോള്‍ അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. ''പോകരുത്. പോയാല്‍ പിന്നെ എനിക്ക് ഈ മുറിയിലേക്ക് പ്രവേശിക്കുവാനാകില്ല.''
മനസ്സില്‍ പ്രണയം നിറഞ്ഞ കമലയ്ക്ക് ഇനിയും സമയം നഷ്ടപ്പെടുത്തുവാനാകില്ലായിരുന്നു. അവര്‍ പാതിവഴിയില്‍ നിറുത്തി മാധ്യമങ്ങളോട് തന്റെ മതംമാറ്റം വിളംബരം ചെയ്തു.

മാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നതോടെയുണ്ടായ കോലാഹലങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ പിന്നീട് പറയുന്നത്. കോലാഹലങ്ങള്‍ക്കൊടുവില്‍ സംഭവിച്ചതിനെക്കുറിച്ച് പുസ്തകത്തില്‍ മെറിലി ഇങ്ങനെ കുറിക്കുന്നു:

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കമലയെ വധിക്കുമെന്ന് ഒരജ്ഞാത സന്ദേശമുണ്ടായി. പാല്‍ക്കാരന്‍ വരുമ്പോള്‍ ''ഒരത്ഭുതവും കൊണ്ടായിരിക്കും വരുന്നത്. പാലിനോടൊപ്പം സാദിഖ് അലിയുടെ കുടലും അയാള്‍ കൊണ്ടുവരും.'' എന്നായിരുന്നു മറ്റൊരു സന്ദേശം.
സാദിഖ് അലി ഒളിവില്‍ പോയി. തിരുവനന്തപുരത്തെ സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ഒരുക്കിവച്ചിരുന്ന മുറി റദ്ദാക്കി. പിന്നെ രംഗത്ത് കമലയും മാധ്യമവും ചുറ്റിലും താറുമാറായ പ്രസ്താവനകളും രംഗങ്ങളും മാത്രമായി.....
''സാദിഖ് അലിയോടൊത്ത് ജീവിക്കുവാന്‍ താങ്കള്‍ ദല്‍ഹിയിലേക്ക് പോകുമായിരുന്നോ?'' ഞാന്‍ ചോദിച്ചു.
''ഞാനെന്തും ചെയ്യുമായിരുന്നു.''
''വീട്ടുകാരുടെ പ്രതികരണം എന്തായിരിക്കും എന്ന് ചിന്തിച്ചിരുന്നുവോ?''
''ഒന്നിനെക്കുറിച്ചും ആലോചിച്ചില്ല. എന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും നഷ്ടപ്പെടുമെന്ന് ആലോചിച്ചില്ല. അയാളായിരിക്കും എന്റെ കുടുംബമെന്നേ ആലോചിച്ചുള്ളു. എനിക്ക് എല്ലാം അയാളാകും.''

തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും പുസ്തകത്തില്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്്. മെറിലിയുമായുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തില്‍ കമല സുരയ്യയുടെ തുറന്നുപറച്ചിലുകളാണ് പിന്നീടും പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്.

തീര്‍ത്തും അപൂര്‍വ്വവും നേരത്തെ തീരുമാനിക്കാത്തതുമായ ഈ യാത്രയില്‍ കമല ഒരു സ്‌കൂള്‍ കുട്ടിയെപ്പോലെയായി. ''നിന്നോടൊത്ത് കറങ്ങി നടക്കുക എന്ത് സന്തോഷം തരുന്ന കാര്യമാണെന്നോ.'' അംബാസഡര്‍ കാറിന്റെ പിന്‍സീറ്റില്‍ ചാരിക്കിടന്ന് കമല പറഞ്ഞു: ''ഞാനിപ്പോള്‍ സ്വതന്ത്രയാണ്. സ്വതന്ത്രയേക്കാള്‍ മീതെ എന്തൊക്കെയോ ആണ്.'' മറ്റൊരു എഴുത്തുകാരനും തന്റെ ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്ന് കമല അപ്പോള്‍ എന്നോട് പറഞ്ഞു. എന്നാല്‍ അത് ഒരു ജീവചരിത്രമെഴുത്തേ ആകുന്നുള്ളു, അതിന്റെ സമീപനരീതി അത്തരത്തിലാണത്രെ.
''ഞാനെന്തെഴുതുവാനാണ് താല്‍പര്യം?'' ഞാന്‍ ചോദിച്ചു.
''എല്ലാമെഴുതണം. ഈ മതംമാറ്റത്തെക്കുറിച്ച് വരെ. സത്യമെഴുതണം. പ്രണയത്തിനായി ഞാന്‍ എന്തു ചെയ്തു എന്നെഴുതണം. ഞാന്‍ മതത്തെ ഗൗനിക്കുന്നേയില്ല. മതം എന്നാല്‍ വസ്ത്രം പോലെയാണ്. ഈ മുസ്ലീം വസ്ത്രം കണ്ടില്ലേ, അതുപോലെ.''
''അവര്‍ നിങ്ങളെ ഉപദ്രവിച്ചേക്കാം.''
''മരിക്കുവാന്‍ ഒരു മടിയുമില്ല. സാദിഖ് അലി എന്നെ കൊന്നു കഴിഞ്ഞുവല്ലോ'' അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com