വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പൊലീസിന് വീഴ്ചപറ്റി; ജെ മെഴ്‌സിക്കുട്ടി അമ്മ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2017 08:34 AM |
Last Updated: 08th March 2017 08:38 AM | A+A A- |

പാലക്കാട്: വാളയാറില്‍ സഹോദരരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് ഫിഷറിസ് മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ. പൊലീസിന് ഗൗരവകരാമയ വീഴ്ച്ച സംഭവിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമയത്ത് വാങ്ങിയിരുന്നു എങ്കില്‍ രണ്ടാമത്തെ കുഞ്ഞ് മരിക്കില്ലായിരുന്നു. ഞാന്‍ ഇതിനെ ന്യായീകരിക്കാന്‍ പുറപ്പെടുന്നില്ല. കാരണം നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടേണ്ട വസ്തുവല്ല. അഭിമാനത്തോടെ വളര്‍ത്തി സമൂഹത്തിന്റെ പൊതുധാരയില്‍ അന്തസ്സോടെ നിലനിര്‍ത്തേണ്ടവളാണ് പെണ്ണ്. ആ അര്‍ത്ഥത്തിലാണോ നമ്മള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്,സമൂഹം ഗൗരവമായ പുനര്‍ചിന്തയ്ക്ക് വിധേയമാക്കണം. മന്ത്രി പറഞ്ഞു.
പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണ് എന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തയ്യാറല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞിട്ടും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ല എന്നാണ് ബന്ധുക്കളുടെ പരാതി.
മൂത്ത കുട്ടിയെ ബന്ധു പീഡിപ്പിച്ചു എന്ന് അമ്മ പറഞ്ഞിട്ടും അത് പൊലീസ് അവഗണിച്ചു. രണ്ടു കുട്ടികളും ഒരേരീതിയില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.