സ്ഥാനാര്‍ത്ഥിത്വത്തിനൊരുങ്ങി കുഞ്ഞാലിക്കുട്ടി; മലപ്പുറം ലീഗിന് തന്നെയെന്ന് പ്രഖ്യാപനം
Published: 09th March 2017 02:51 PM |
Last Updated: 09th March 2017 02:53 PM | A+A A- |

മലപ്പുറം: മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മത്സരിക്കാനുള്ള സാധ്യതയേറി. പാര്‍ട്ടിയിലെ ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ദേശീയ രാഷ്ട്രിയത്തിലേക്ക് പോകാനുള്ള സന്നദ്ധത ഇതിനകം തന്നെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇ അഹമ്മദിന്റെ മകള്‍ ഫൗസിയയുടെയും പേര് സജീവമായി പരിഗണനയിലുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടി തന്നെയാകും മലപ്പുറം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി.ഈ മാസം നടക്കുന്ന ദേശീയ എക്‌സിക്യുട്ടീവിലാവും സ്ഥാനാര്‍ത്ഥിയുടെ അന്തിമ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടി ഇന്ന് തന്നെ മാധ്യമങ്ങളെ കണ്ടു. മലപ്പുറത്ത് ലീഗിന് അനുകൂല സാഹചര്യമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇ അഹമ്മദിന്റെ മരണത്തോടെ ലീഗിന് ദേശീയ നേതൃത്വത്തില്‍ ഉണ്ടായ കുറവ് പരിഹരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടിയെ പൊലുള്ള നേതാക്കള്‍ തന്നെ വേണമെന്നാണ് ലീഗിന്റെ സംസ്ഥാന നേതൃത്വവും കരുതുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തരംഗത്തിലും മലപ്പുറം മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ലീഗിനൊപ്പം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെക്കാള്‍ വര്‍ധനവുണ്ടാകുമെന്നും ലീഗ് കരുതുന്നു.
തെരഞ്ഞെടുപ്പ് ഇത്ര പെട്ടന്നായതുകൊണ്ട് തന്നെ ഇനി തിരക്കിട്ട ചര്‍ച്ചകളാവും വരും ദിവസങ്ങളില്‍. അതസമയം സിപിഎം സ്വതന്ത്രനായിരിക്കും പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരരംഗത്തുണ്ടാകുക.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പികെ സൈനബയ്ക്ക് മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. കൂടാതെ പെരിന്തല്‍മണ്ണയും മങ്കടയും കുറഞ്ഞ വോട്ടിനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമായത്. ഈ മണ്ഡലങ്ങളില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായാല്‍ ടികെ ഹംസയ്ക്ക് ശേഷം മണ്ഡലം എല്‍ഡിഎഫിന് ഒപ്പം നിര്‍ത്താനാകുമെന്നാണ് ഇടതുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,94,739 വോട്ടുകളായിരുന്നു അഹമ്മദിന്റെ ഭൂരിപക്ഷം