എസ്എഫ്‌ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടന; സിപിഐ മുഖപത്രം ജനയുഗം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2017 10:13 AM |
Last Updated: 10th March 2017 10:14 AM | A+A A- |

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ എഴുതിയ എഡിറ്റോറിയലില്‍ സിപിഐഎം വിദ്യാര്‍ത്ഥി സംഘടന എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഇന്നത്തെ എഡിറ്റോറിയലിലാണ് ജനയുഗം എസ്എഫ്‌ഐയെ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനയെന്ന് കളിയാക്കി എഴുതിയിരിക്കുന്നത്. എറണാകുളത്തും കോഴിക്കോടുമുള്‍പ്പെടെ സദാചാര പൊലീസ് ചമഞ്ഞ് രംഗത്തുവന്നത് മതത്തിന്റേയും ധാര്‍മികതയുടേയും കുത്തക അവകാശപ്പെടുന്ന വര്‍ഗീയ യാഥാസ്ഥിതിക ശക്തികളാണെങ്കില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലടക്കം മറ്റു ചില സ്ഥലങ്ങളില്‍ സദാചാര പൊലീസ് ചമഞ്ഞത് വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനകളുടെ പ്രതിനിധികളാണെന്നത് അസ്വസ്ഥജനകമാണ്.
ഏത് സംഘടനയുടേയും പ്രത്യയശാസ്ത്രത്തിന്റേയും പേരിലായിക്കൊള്ളട്ടെ സദാചാരത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാനും പൗരജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കാനും മുതിരുന്നവരെ നിലയ്ക്ക് നിര്‍ത്താനും അത്തരക്കാരെ മാതൃകാപരമായും കര്‍ക്കശമായും നേരിടാന്‍ സര്‍ക്കാര്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ ഇനിയും അറച്ചുനിന്നുകൂട. എഡിറ്റോറിയലില്‍ പറയുന്നു. സദാചാര ഗുണ്ടായിസത്തിന് കാവല്‍ നില്‍ക്കുന്ന പൊലീസിനെതിരേയും പത്രം കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരേയും മറ്റും മുന്‍കൂട്ടി അറിയിച്ച് ചൂരല്‍വടികളുമായി പ്രകടനം നടത്തുകയും യുവതികളെയടക്കം അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്ത സംഭവത്തിന് പൊലീസ് നോക്കുകുത്തികളായി കാവല്‍ നിന്നത് ക്രമസമാധാനപാലനത്തില്‍ വന്ന ഗുരുതരവീഴ്ചയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സംഭവത്തെതുടര്‍ന്ന് ഗുണ്ടാവിളയാട്ടത്തിന് കാവല്‍നിന്ന സെന്‍ട്രല്‍ പൊലീസ്സ്‌റ്റേഷന്‍ എസ്‌ഐക്കും പൊലീസ് ഓഫീസര്‍മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചുവെന്നത് ആശ്വാസകരം തന്നെ. സദാചാര പൊലീസിങ്ങിന് അനുകൂലമായി കേരളത്തിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ നിലകൊള്ളുന്നുവെന്നത് ഗവണ്‍മെന്റ് ഗൗരവത്തോടെ നോക്കിക്കാണണം. ലേഖനത്തില്‍ പറയുന്നു.
സിപിഐഎമ്മിന്റേയും എസ്എഫ്‌ഐയുടേയും ചെയ്തികളെ വിമര്‍ശിച്ചുള്ള ലേഖനങ്ങള്‍ ജനയുഗത്തില്‍ സ്ഥിരം വരാറുണ്ട്. അത് ചര്‍ച്ചയാകുമ്പോല്‍ അത് പാര്‍ട്ടി നിലപാടല്ല എന്ന് തള്ളി കളയുകയാണ് സിപിഐയുടെ പതിവ് രീതി.
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടും എസ്എഫഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനയുഗം രംഗത്തെത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ദേവിക എന്ന തൂലിക നാമത്തില്‍ വന്ന ലേഖനവും വി പി ഉണ്ണികൃണ്ണന്‍ എഴുതിയ ലേഖനവും വിവാദമായിരുന്നു.
ജനയുഗത്തില്‍ ലേഖനങ്ങള്‍ വരുമ്പോള്‍ സാമൂബഹ്യമാധ്യമങ്ങളില്‍ സിപിഐ-സിപിഐഎം പ്രവര്‍ത്തകര്‍ പരസ്പരം പോര്‍വിളി നടത്തുന്നതും ഇപ്പോള്‍ സ്ഥിരമായിരിക്കുകയാണ്.