നമ്പി നാരായണന്‍ സ്മാര്‍ട് വിജയനെ ഒഴിവാക്കിയത് എന്തുകൊണ്ട്?

മറ്റു രണ്ടുപേരുടെ അഭിഭാഷകര്‍ ഇത് അറിഞ്ഞെങ്കിലും ഒരാളെ മാത്രം ഒഴിവാക്കിയതു തങ്ങളുടെ കക്ഷികള്‍ക്കു ഹര്‍ജിയുടെ തുടര്‍ നടപടികളില്‍ അനുകൂല ഘടകമായി മാറിയേക്കാം എന്നതുകൊണ്ടു നിശ്ശബ്ദത പാലിച്ചു 
നമ്പി നാരായണന്‍ സ്മാര്‍ട് വിജയനെ ഒഴിവാക്കിയത് എന്തുകൊണ്ട്?

ഐ.എസ്.ആര്‍ഒ ചാരക്കേസിന് അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കി തന്നെ കേസില്‍ കുടുക്കിയെന്ന് ആരോപിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളെ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ കേസില്‍നിന്ന് ഒഴിവാക്കി. കേസ് അന്വേഷണത്തിന്റെ ഭാഗമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാരോപിച്ച് നമ്പി നാരായണന്‍ മൂന്നു മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വ്യവഹാരത്തില്‍നിന്ന് ഒരാളെ അദ്ദേഹത്തിന്റെതന്നെ ആവശ്യപ്രകാരം സുപ്രീംകോടതിയാണ് ഒഴിവാക്കിയത്. ചാരക്കേസില്‍ അഞ്ചാം പ്രതിയായിരുന്നു നമ്പി നാരായണന്‍. കേസ് ആദ്യം അന്വേഷിച്ച സ്‌പെഷല്‍ ബ്രാഞ്ച് സി.ഐയും പിന്നീടു പ്രത്യേക അന്വേഷണസംഘത്തില്‍ അംഗവുമായിരുന്ന എസ്. വിജയനെയാണ് തുടര്‍ നടപടികളില്‍നിന്ന് ഒഴിവാക്കിയത്. ഇതു സംബന്ധിച്ച് നമ്പി നാരായണന്‍ നല്‍കിയ പ്രത്യേക ഹര്‍ജിയിലെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 

സ്മാര്‍ട് വിജയന്‍ എന്ന് അറിയപ്പെട്ടിരുന്ന എസ്. വിജയനാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തെ നയിച്ച അന്നത്തെ ഡി.ഐ.ജി സിബി മാത്യൂസ്, എസ്.പി ആയിരുന്ന കെ. കെ. ജോഷ്വാ എന്നിവര്‍ക്കും വിജയനും എതിരെയാണ് നമ്പി നാരായണന്‍ നിയമയുദ്ധം നടത്തിവന്നത്. എന്നാല്‍, ഇപ്പോള്‍ അതു മറ്റു രണ്ടുപേര്‍ക്കുമെതിരെ മാത്രമായി ചുരുങ്ങി. വിജയനെ മാത്രമായി ഒഴിവാക്കിയതിലെ ദുരൂഹത ബാക്കി. അഞ്ചു മാസമായിട്ടും ഈ വിവരം പുറത്തുവിട്ടുമില്ല.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനു ജസ്റ്റിസ് അശോക് ഭൂഷണ്‍ ആണ് എസ്. വിജയനെ ഒഴിവാക്കിക്കൊണ്ട് ഉത്തരവിട്ടത്. ''അപേക്ഷയിലെ ആവശ്യം അനുവദിച്ചിരിക്കുന്നു. കക്ഷികളുടെ നിരയില്‍നിന്നു ഹര്‍ജിക്കാരന്റെ ഉത്തരവാദിത്വത്തിലും ചുമതലയിലും മൂന്നാം എതിര്‍ കക്ഷിയുടെ പേര് ഒഴിവാക്കിയിരിക്കുന്നു' എന്ന് ഉത്തരവില്‍ പറയുന്നു. മൂന്നാം എതിര്‍ കക്ഷി എന്നാല്‍, എസ്. വിജയന്‍. മൂന്നു പേര്‍ക്കുമെതിരെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യണം എന്ന നമ്പി നാരായണന്റെ ആവശ്യം തള്ളി 2015 മാര്‍ച്ച് നാലിനു കേരള ഹൈക്കോടതി പുറപ്പെടുവിച്ച അന്തിമവിധിയെത്തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഏപ്രില്‍ 17നു സുപ്രീംകോടതി ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഫെബ്രുവരി 23നു ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോഴും മൂന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഹര്‍ജി എന്നാണ് പുറത്തുവന്നത്. എതിര്‍കക്ഷികളെല്ലാം സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിജയനെ ഒഴിവാക്കിയ കാര്യം അദ്ദേഹത്തിന്റെയോ നമ്പി നാരായണന്റെയോ അഭിഭാഷകര്‍ പുറത്തുവിട്ടില്ല. മറ്റു രണ്ടുപേരുടെ അഭിഭാഷകര്‍ ഇത് അറിഞ്ഞെങ്കിലും ഒരാളെ മാത്രം ഒഴിവാക്കിയതു തങ്ങളുടെ കക്ഷികള്‍ക്കു ഹര്‍ജിയുടെ തുടര്‍ നടപടികളില്‍ അനുകൂല ഘടകമായി മാറിയേക്കാം എന്നതുകൊണ്ടു നിശ്ശബ്ദത പാലിച്ചു എന്നാണ് അറിയുന്നത്. 

കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും വിദേശത്ത് കൊളംബോ, മാലി എന്നിവിടങ്ങളിലുമായി വേരുകളുള്ള ചാരക്കേസ് അന്വേഷണം നീതിയുക്തമാകാന്‍ കേരള പൊലീസ് പ്രത്യേക സംഘം മാത്രം അന്വേഷിച്ചാല്‍ പോരാ എന്നു ഡി.ജി.പിയെ അറിയിച്ചത് ആ സംഘത്തിന്റെ മേധാവി സിബി മാത്യൂസ് ആയിരുന്നു. സി.ബി.ഐക്കു വിടുന്നതാകും ഉചിതമെന്ന് അദ്ദേഹം ശുപാര്‍ശയും ചെയ്തു. എന്നാല്‍, അദ്ദേഹം ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നു ചാരക്കേസ് അവസാനിപ്പിച്ചു റിപ്പോര്‍ട്ട് നല്‍കിയ 1996 മേയില്‍ സി.ബി.ഐ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു എന്നതാണ് വിചിത്രം. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇക്കാര്യം നിര്‍ദ്ദേശിച്ചു. എന്നാല്‍, അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി നടപടി വേണ്ട എന്നായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച ഇടക്കാല നഷ്ടപരിഹാരമായ 10 ലക്ഷം രൂപ നമ്പി നാരായണനു നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയത്. കമ്മിഷന്‍ നിര്‍ദ്ദേശിച്ച പത്തു ലക്ഷം രൂപ സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു വ്യക്തമാക്കി 2011 ജൂണ്‍ 29നു സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. തന്റെ ഔദ്യോഗിക ജീവിതം മാത്രമല്ല, ജീവിതഗതി ആകെത്തന്നെ തിരിച്ചുവിട്ട കേസാണിതെന്നും സമ്പാദ്യം, അന്തസ്‌സ്, ആത്മാഭിമാനം, അക്കാദമികമായ അധ്വാനഫലങ്ങള്‍ തുടങ്ങിയതെല്ലാം പൊലീസ് ദുര്‍മന്ത്രവാദിയെപ്പോലെ വേട്ടയാടി നശിപ്പിച്ചു എന്നും നമ്പി നാരായണന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇല്ലാത്ത കേസുണ്ടാക്കി പീഡിപ്പിച്ചു ജീവിതം നശിപ്പിക്കാന്‍ ഇവര്‍ നേതൃത്വം നല്‍കി എന്നായിരുന്നു ആരോപണം. 

ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത് ഈ മൂന്നു പേര്‍ മാത്രമായിരുന്നില്ല എന്നതു തുടക്കം മുതല്‍ത്തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സിബി മാത്യൂസ്, ജോഷ്വ, വിജയന്‍ എന്നിവര്‍ക്കു പുറമേ സി.ബി.സി.ഐ.ഡി എസ്.പി ആയിരുന്ന ജി ബാബുരാജ്, സ്‌പെഷല്‍ബ്രാഞ്ച് സി.ഐ ആയിരുന്ന എസ്. ജോഗേഷ്, വഞ്ചിയൂര്‍ എസ്.ഐ ആയിരുന്ന തമ്പി എസ്. ദുര്‍ഗാദത്ത് എന്നിവരെക്കൂടി ഉള്‍പ്പെടുത്തി ആറംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് 1994 നവംബര്‍ 12ന് ഡി.ജി.പി ടി.വി. മധുസൂദനന്‍ ഉത്തരവിട്ടത്. പിന്നീട് എസ്.പിമാരായ വേണുഗോപാല്‍, സുരേഷ് ബാബു എന്നിവരെക്കൂടി ചേര്‍ത്തു. എന്നാല്‍, ചാരക്കേസ് ഇല്ലാതായ ശേഷം ഉന്നം വച്ചതു മൂന്നു പേരെ മാത്രം. ഇപ്പോള്‍ അതില്‍ ഒരാളെക്കൂടി വിശദീകരണങ്ങളില്ലാതെ ഒഴിവാക്കിയതും അപ്രതീക്ഷിത 'ട്വിസ്റ്റ്' ആയി.

(റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സമകാലിക മലയാളം വാരികയില്‍.)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com