പുതിയ പ്രസിഡന്റ് വൈകും; സതീശനും പിടി തോമസിനും വിഷ്ണുനാഥിനും സാധ്യത

പുതിയ പ്രസിഡന്റ് വൈകും; സതീശനും പിടി തോമസിനും വിഷ്ണുനാഥിനും സാധ്യത

ന്യൂഡല്‍ഹി: വിഎം സുധീരന്‍ രാജിവച്ച സാഹചര്യത്തില്‍ പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആലോചനകള്‍ മുറുകി. അതേസമയം വിദേശത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരിച്ചുവന്ന ശേഷമേ ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കൂ എന്നാണ് സൂചന. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം ശനിയാഴ്ച പുറത്തുവരുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കഴിഞ്ഞ ശേഷമേ നേതാക്കള്‍ കേരള ഘടകത്തിന്റെ വിഷയം പരിഗണിക്കാനിടയുള്ളൂ.

ഏതെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിനു ഭരണം ലഭിക്കുന്ന പക്ഷം അവിടത്തെ നേതൃത്വത്തെ കണ്ടെത്തുന്നതിലേക്കാവും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ നീങ്ങുക. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധി കേരളത്തിലെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തില്ലെന്നാണ് സൂചന.

സുധീരന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം പകരം ചുമതല കെപിസിസി വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ വിഡി സതീശനെ ഏല്‍പ്പിച്ചേക്കും. രാഹുല്‍ ഗാന്ധി പ്രത്യേക താത്പര്യമെടുത്താണ് സതീശനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. അതേസമയം സുധീരന്റെ പിന്‍ഗാമിയായി സതീശന്‍ നിയമിക്കപ്പെടുന്നതിന് ഗ്രൂപ്പു സമവാക്യങ്ങള്‍ തടസമായേക്കും. ഐ ഗ്രൂപ്പുകാരനായ സതീശനെ പ്രസിഡന്റാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി പക്ഷം എതിര്‍പ്പ് അറിയിക്കും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പുകാരാവുന്നതിലെ അതൃപ്തിയാവും അവര്‍ മുന്നോട്ടുവയ്ക്കുക. ഗ്രൂപ്പു പോര് രൂക്ഷമാവുന്നതിന് ഇടയാക്കുന്ന ഇത്തരമൊരു തീരുമാനത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി മുതിരില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്.

ഉമ്മന്‍ ചാണ്ടി പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച സാഹചര്യത്തില്‍ എ ഗ്രൂപ്പില്‍നിന്നുള്ള നേതാക്കളെ ചുറ്റിപ്പറ്റിയാണ് ആലോചനകള്‍ പുരോഗമിക്കുന്നത്. പിടി തോമസാണ് ഇതില്‍ മുന്നിലുള്ളത്. ഗ്രൂപ്പു സമവാക്യവും സാമുദായിക സമവാക്യവും സംശുദ്ധമായ പ്രതിഛായയും പിടി തോമസിന് അനുകൂലമാണെങ്കിലും സമുദായ നേതൃത്വവുമായി കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്തുണ്ടായ അകല്‍ച്ച വിനയായേക്കും. ഡിസിസികള്‍ക്കു യുവ നേതൃത്വത്തെ കൊണ്ടുവന്ന മാതൃകയില്‍ കെപിസിസിയിലും യുവ നേതൃത്വം വരട്ടെ എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ പിസി വിഷ്ണുനാഥിനായിരിക്കും സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com