ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു, നിവൃത്തിയില്ലാതെ ഒഴിഞ്ഞു

യുപി തെരഞ്ഞെടുപ്പു ഫലം വന്നാല്‍ ഉടന്‍ കെപിസിസി പ്രസിഡന്റിനെ മാറ്റാമെന്ന് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്‍ഡ് ഉറപ്പു നല്‍കിയിരുന്നു.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു, നിവൃത്തിയില്ലാതെ ഒഴിഞ്ഞു

കൊച്ചി: വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത് അനുസരിച്ച്. യുപി തെരഞ്ഞെടുപ്പു ഫലം വന്നാല്‍ ഉടന്‍ കെപിസിസി പ്രസിഡന്റിനെ മാറ്റാമെന്ന് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്‍ഡ് ഉറപ്പു നല്‍കിയിരുന്നു. യുപി തെരഞ്ഞെടുപ്പു ഫലം വരുന്നതിനു തലേന്നു തന്നെ സുധീരന്‍ ഗത്യന്തരമില്ലാതെ രാജിവച്ച് ഒഴിയുകയായിരുന്നു.

ജനുവരിയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത് അനുസരിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നു. മൂന്നു പേരും ഒന്നിച്ചാണ് ഡല്‍ഹിയില്‍ എത്തിയതെങ്കിലും കടുത്ത ഭിന്നത നിലനിന്നതിനാല്‍ കൂടിക്കാഴ്ച വെവ്വേറെയായിരുന്നു. ഈ കൂടിക്കാഴ്ചകളില്‍ സുധീരനെ മാറ്റണമെന്ന ആവശ്യം ന്യായമാണെന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നിലപാടിനോട് ഹൈക്കമാന്‍ഡ് യോജിച്ചു. സുധീരനോട് ഇതിന് അനുസരിച്ച് തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

കേരളത്തിലെ തെരഞ്ഞെുപ്പു പരാജയമല്ല സുധീരന്റെ സ്ഥാനചലനത്തിലേക്കു നയിച്ചത്. കേരളത്തിലെ ഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുപോവുക എന്ന ദൗത്യമാണ് കെപിസിസി പ്രസിഡന്റായി നിയമിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് സുധീരനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇത്ര വര്‍ഷത്തിനിടയില്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുടെ പോലും പിന്തുണ നേടാന്‍ സുധീരന് ആയില്ല. അണികളെ ഒന്നിച്ചുനിര്‍ത്താനോ ആവേശം കൊള്ളിക്കാനോ കെപിസിസി പ്രസിഡന്റിനു കഴിഞ്ഞില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. 

സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ സുധീരന്‍ സ്വീകരിച്ച പരസ്യ നിലപാടുകള്‍ കോണ്‍ഗ്രസിനു ദോഷം ചെയ്തു എന്ന വാദവും ഹൈക്കമാന്‍ഡ് അംഗീകരിച്ചു. കെ ബാബു, ബെന്നി ബഹന്നാന്‍ തുടങ്ങിയവര്‍ക്കെതിരെ സുധീരന്‍ പരസ്യ നിലപാടു സ്വീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com