മണിപ്പൂരിലും ഗോവയിലും തൂക്കുമന്ത്രിസഭ
By സമകാലിക മലയാളം ഡസ്‌ക് | Published: 11th March 2017 07:43 PM |
Last Updated: 11th March 2017 07:43 PM | A+A A- |

ന്യൂഡല്‍ഹി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണിപ്പൂരിലും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തകിടംമറിച്ച ഗോവയിലും തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത. ഇരു സ്ഥലങ്ങളിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ്.
മണിപ്പൂരില്‍ കോണ്‍ഗ്രസിന് 28 സീറ്റ് കിട്ടിയപ്പോള്‍ ബി.ജെ.പിയ്ക്ക് 21 സീറ്റും ടി.എം.സി ഒരു സീറ്റും മറ്റുള്ളവര്‍ക്ക് 10 സീറ്റും ലഭിച്ചു. പത്തുസീറ്റു ലഭിച്ച വിവിധ പാര്‍ട്ടികളുടെ തീരുമാനമായിരിക്കും കോണ്‍ഗ്രസിന് അധികാരത്തിലേറുന്നതിന് സഹായകരമാവുക.
ഗോവയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബി.ജെ.പിയ്ക്ക് 13 സീറ്റും മറ്റുള്ളവര്‍ക്ക് പത്തു സീറ്റും ലഭിച്ചു. ഇവിടെയും കോണ്‍ഗ്രസിന് അധികാരത്തിലെത്തണമെങ്കില്‍ പത്തുപേരുടെ തീരുമാനം അനുകൂലമാകണം.
ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടിയുള്ള ശ്രമമായിരുന്നു കോണ്‍ഗ്രസ് മണിപ്പൂരില്‍ നടത്തിയത്. 2012ല്‍ 42 സീറ്റുമായി അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇത്തവണ അടിപതറിയിരുന്നുവെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായതില്‍ ആശ്വസിക്കാം. തിരഞ്ഞെടുപ്പ് ചിത്രത്തില്‍പ്പോലും കഴിഞ്ഞതവണ ഇല്ലാതിരുന്ന ബി.ജെ.പി. വലിയ നേട്ടമാണുണ്ടാക്കിയത്. രമേശ് ചെന്നിത്തലയ്ക്കായിരുന്നു മണിപ്പൂരിലെ തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ ചുമതല.
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബി.ജെ.പി.യ്ക്ക് അനുകൂലമായിരുന്നു ഗോവയില്‍. എന്നാല്‍ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തിയിരുന്നു. തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത തെളിഞ്ഞ ഗോവയില്‍ കോണ്‍ഗ്രസിനാണ് സാധ്യതയേറെയുള്ളത്. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ കോണ്‍ഗ്രസുമായി സഖ്യസാധ്യതയാരാഞ്ഞ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയ്ക്ക് മൂന്നും എന്‍.സി.പി.യ്ക്ക് ഒരു സീറ്റും ലഭിച്ചത് കോണ്‍ഗ്രസിന് സാധ്യതയേറുന്നു.