രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ഇറോം ശര്‍മ്മിള
Published: 11th March 2017 06:17 PM |
Last Updated: 11th March 2017 06:17 PM | A+A A- |

മണിപ്പൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇറോം ശര്‍മ്മിള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്നു. പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ആറുമാസത്തേക്ക് ആശ്രമത്തിലേക്ക് പോവുകയാണെന്നാണ് ഇറോം ശര്‍മ്മിള പറഞ്ഞത്.
90 വോട്ടുകള്‍ മാത്രമാണ് ഇറോമിന് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇറോമിന് ഇത്രയും കുറവ് വോട്ട് ലഭിച്ചത് രാഷ്ട്രീയനിരീക്ഷകരെയും ഇറോമിനെ സ്‌നേഹിക്കുന്നവരെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട്.
ജനങ്ങള്‍ തന്നെ സ്വീകരിച്ചില്ല എന്നതാണ് തിരഞ്ഞെടുപ്പു ഫലം അറിയിക്കുന്നത്. അതെന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു. അതുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തി ആറുമാസത്തേക്ക് ആശ്രമത്തിലേക്ക് പോവുകയാണെന്ന് എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഇറോം ശര്‍മ്മിള പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് ഫലം പുറത്തുവന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ തോറ്റാലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ഇറോം ശര്‍മ്മിള നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തന്നെയും തന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടിയെയും ജനങ്ങള്‍ തീര്‍ത്തും സ്വീകരിച്ചില്ല എന്ന് ഫലം വന്നപ്പോള്‍ അറിഞ്ഞതോടെയാണ് ഇറോമിന്റെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം.