നാലിടത്ത് ബി.ജെ.പി. ഭരിക്കും: അമിത് ഷാ

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുമെന്ന് അമിത് ഷാ
നാലിടത്ത് ബി.ജെ.പി. ഭരിക്കും: അമിത് ഷാ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മൃഗീയ ഭൂരിപക്ഷം ലഭിച്ചതോടെ ബി.ജെ.പി.യ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ തടസ്സമില്ലെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഗോവയിലും മണിപ്പൂരിലും സ്വതന്ത്രരെയും പ്രാദേശിക പാര്‍ട്ടികളെയും പിടിച്ച് സര്‍ക്കാരുണ്ടാക്കേണ്ടിവരും.
ഉത്തരാഖണ്ഡില്‍ ബി.ജെ.പിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. 57 സീറ്റ് ബി.ജെ.പിയ്ക്ക് ലഭിച്ചപ്പോള്‍ 11 സീറ്റ് കോണ്‍ഗ്രസിനും 2 സീറ്റ് മറ്റുള്ളവര്‍ക്കും ലഭിച്ചു. എന്നാല്‍ ഗോവയിലെയും മണിപ്പൂരിലെയും സ്ഥിതി അതല്ല.
ഗോവയില്‍ നിലവില്‍ എന്‍.സി.പി. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് സാധ്യത. ഒരു സീറ്റ് ആ വകയില്‍ കിട്ടുന്നതോടെ കോണ്‍ഗ്രസിനൊപ്പം 18 സീറ്റുകളാവും. നേരത്തേതന്നെ സഖ്യത്തിന് സാധ്യയാരാഞ്ഞ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയ്ക്ക് മൂന്ന് സീറ്റുകള്‍ കിട്ടിയിട്ടുണ്ട്. സഖ്യസാധ്യത തെളിയുകയാണെങ്കില്‍ മൂന്ന് സീറ്റുകളും ചേര്‍ന്ന് കോണ്‍ഗ്രസ് സഖ്യത്തിന് 21 സീറ്റു ലഭിക്കും. മറുഭാഗത്ത് ബി.ജെ.പിയ്ക്ക് സ്വന്തം നിലയില്‍ കിട്ടിയ 13 സീറ്റും പ്രാദേശികപാര്‍ട്ടിയിലും സ്വതന്ത്രരിലും അവശേഷിക്കുന്ന ഏഴ് സീറ്റുകള്‍ കിട്ടിയാല്‍ 20 സീറ്റുകളായിരിക്കും ലഭിക്കുക. പക്ഷെ, അമിത് ഷാ അവകാശപ്പെടുന്നതുപോലെ സ്വതന്ത്രരും മറ്റുള്ളവരും ബി.ജെ.പിയ്ക്ക് ഒപ്പം ചേരുമോ എന്ന് കണ്ടറിയേണ്ടിവരും.
മണിപ്പൂരില്‍ കോണ്‍ഗ്രസ് 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ബി.ജെ.പിയ്ക്ക് ഇവിടെ ലഭിച്ചത് 21 സീറ്റാണ്. മറ്റുള്ളവര്‍ക്ക് 11 സീറ്റും ലഭിച്ചു. 11 സീറ്റില്‍ വിജയിച്ച സ്വതന്ത്രരെയും പ്രാദേശികപാര്‍ട്ടികളെയും ഒപ്പം ചേര്‍ക്കാനാണ് ബി.ജെ.പിയുടെ ശ്രമം എന്നാണ് അമിത് ഷായുടെ വാക്കുകളില്‍ നിന്നും കാണാവുന്നത്. എന്നാല്‍ ഇവര്‍ ആരെ പിന്തുണയ്ക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ഒരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് ചുമതലയുള്ള രമേശ് ചെന്നിത്തല മണിപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലും ഗോവയിലും എന്തു സംഭവിക്കുമെന്നാണ് അമിത് ഷായുടെ പ്രസ്താവനയോടെ കാത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com