പൊങ്കാലയര്‍പ്പിച്ച് ലക്ഷങ്ങള്‍

പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ അടുപ്പുകള്‍ ഒരുക്കി പൊങ്കാലയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു.
ഫോട്ടോ: ബി.പി.ദീപു
ഫോട്ടോ: ബി.പി.ദീപു

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ഭക്തരെത്തി. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേര്‍ന്ന ധന്യമുഹൂര്‍ത്തത്തില്‍ ദേവിയുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി ഭക്തരുടെ പൊങ്കാലയര്‍പ്പണം.

ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ റോഡുകളിലും വഴികളിലും അടുപ്പൊരുക്കി പൊങ്കാലയര്‍പ്പിക്കാന്‍ ഇന്നലെ മുതല്‍ തന്നെ ആളുകള്‍ നിറഞ്ഞിരുന്നു. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ അടുപ്പുകള്‍ ഒരുക്കി പൊങ്കാലയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു.
ഇന്നു രാവിലെ പതിനൊന്നുമണിയോടെ അടുപ്പുവെട്ട് പൂര്‍ത്തിയാക്കി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ഈ സമയത്ത് പാണ്ഡ്യരാജാവിന്റെ വധം തോറ്റംപാട്ടുകാര്‍ പാടിക്കൊണ്ടിരുന്നു. തോട്ടംപാട്ട് തീര്‍ന്നതോടെ ക്ഷേത്രം തന്ത്രി തെക്കേടത്തു കുഴിക്കാട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നുള്ള ദീപം മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരിയ്ക്ക് കൈമാറി.

ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തിരി തെളിയിച്ച ശേഷം സഹശാന്തിമാര്‍ പണ്ടാര അടുപ്പില്‍ തീ കത്തിച്ചു. അതിനുശേഷം ലക്ഷക്കണക്കിനായ ഭക്തരുടെ അടുപ്പുകളിലേക്ക് തീ പകര്‍ന്നു.

പൊങ്കാല നൈവേദ്യം തിളച്ചുതൂവിയതോടെ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയായി. ദേവിയുടെ അനുഗ്രഹങ്ങള്‍ വാങ്ങി തിരുവനന്തപുരം നഗരത്തില്‍നിന്നും ആളുകള്‍ അവരുടെ വീടുകളിലേക്ക് പോയിത്തുടങ്ങി. ഭക്തരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com