രോഗം പൂര്‍ണ്ണമായും വിട്ടകന്നവര്‍ക്കുള്ള പുനരധിവാസ പ്രഖ്യാപനം പാളുന്നു91ശതമാനംപേരും മാനസികാരോഗ്യ കേന്ദ്രത്തില്‍ത്തന്നെ

സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണ് ഒന്നും ഫലം കാണാത്തതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ജെ.ബി. കോശി പറയുന്നു
രോഗം പൂര്‍ണ്ണമായും വിട്ടകന്നവര്‍ക്കുള്ള പുനരധിവാസ പ്രഖ്യാപനം പാളുന്നു91ശതമാനംപേരും മാനസികാരോഗ്യ കേന്ദ്രത്തില്‍ത്തന്നെ

കൊച്ചി: കേരളത്തിലെ മാനസികാരോഗ്യ ആശുപത്രികളില്‍ ചികിത്സ തേടി പൂര്‍ണ്ണമായും അസുഖം ഭേദമായവര്‍ 113 പേര്‍. എന്നാല്‍ ഇവരില്‍ 102 പേരും ബന്ധുക്കള്‍ തിരികെ സ്വീകരിക്കുവാന്‍ തയ്യാറാകാതെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ത്തന്നെ കഴിയുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളെല്ലാം കടലാസില്‍മാത്രം ഒതുങ്ങിക്കിടക്കുന്നു.
കേരളത്തിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലായി 1207 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്കു പുറമെയാണ് രോഗം പൂര്‍ണ്ണമായും വിട്ടകന്നിട്ടും ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതെ 102 പേര്‍ കൂടി മാനസികാരോഗ്യ കേന്ദ്രത്തില്‍ തുടരേണ്ടിവരുന്നത്.
രോഗം പൂര്‍ണ്ണമായും വിട്ടകന്നവര്‍ക്കുവേണ്ടി നിരവധി പുനരധിവാസ പദ്ധതികള്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇത്തരക്കാരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോ എന്ന് നിയമസഭയില്‍ സി. മമ്മൂട്ടി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞത്: എല്ലാ മമാനസികാരോഗ്യ കേന്ദ്രങ്ങളിലും എന്‍.ജി.ഒകളുടെ സഹായത്തോടെ ഇത്തരം രോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു എന്നാണ്. ഇതിനുപുറമെ ജില്ലാ നിമയസഹായവേദിയുടെയും സംസ്ഥാന നിയമസഹായ വേദിയുടെയും സഹായത്താല്‍ ഇതര സംസ്ഥാനത്തിലെ അന്തേവാസികളെ പോലീസ് വകുപ്പിന്റെ സഹായത്തോടെ അവരവരുടെ സംസ്ഥാനങ്ങളില്‍ എത്തിക്കുന്ന നടപടികള്‍ സ്വീകരിച്ചുവരുന്നു എന്നുമാണ്.
രോഗം പൂര്‍ണ്ണമായും വിട്ടകന്നിട്ടും ബന്ധുക്കള്‍ തിരികെ കൊണ്ടുപോകാന്‍ തയ്യാറാകാത്ത നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ പല സഹായങ്ങളും ചെയ്തുകൊണ്ട് കഴിയുകയാണ്. ഇവര്‍ താമസിക്കുന്നത് നേരത്തെ അവര്‍ താമസിച്ചിരുന്ന സെല്ലുകളില്‍ത്തന്നെയാണ്. ഇങ്ങനെ ചെയ്യുന്നത് ഇവരില്‍ പലര്‍ക്കും വീണ്ടും രോഗം വരുന്നതിനുവരെ കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ നേരത്തേതന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേരളത്തിലെ ഒരു മാനസീകാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
രോഗം പൂര്‍ണ്ണമായും വിട്ടകന്നിട്ടും വീടുകളിലേക്ക് ബന്ധുക്കള്‍ തിരികെ കൊണ്ടുപോകാത്തത് രോഗം മാറിയെന്നു പറഞ്ഞാലും വീണ്ടും ഉണ്ടാകാനുള്ള സാധ്യതയെ ഭയന്നാണ്. ബന്ധുക്കള്‍ തിരിഞ്ഞുനോക്കുകപോലുമില്ലാതെ കഴിയുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.
ഇവര്‍ക്കുള്ള പുനരധിവസ പദ്ധതികള്‍ പലതും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളായി മുമ്പും വന്നിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രദമായിരുന്നില്ല.
സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണ് ഒന്നും ഫലം കാണാത്തതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ജെ.ബി. കോശി പറയുന്നു.
പദ്ധതി തുടങ്ങുമ്പോഴുണ്ടാകുന്ന ആവേശം പിന്നീടുണ്ടാവാറില്ല. ഉദ്യോഗസ്ഥര്‍ക്ക് പണം ഉണ്ടാക്കാനാണ് പദ്ധതികള്‍ പലതും ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇതിനൊരു മാറ്റം വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ ശമ്പളം വര്‍ദ്ധിപ്പിച്ചപ്പോള്‍ വാങ്ങുന്ന കൈക്കൂലിയിലും വര്‍ദ്ധനവ് വരുത്തി എന്നതാണ് സത്യം. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്താല്‍ സംഘടന വഴി നേരിടുകയാണ് ചെയ്യുന്നതെന്നും ജെ.ബി. കോശി സമകാലിക മലയാളത്തോട് പറഞ്ഞു.
മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗം പൂര്‍ണ്ണമായും വിട്ടകന്നവര്‍ക്കുള്ള പ്രോത്സാഹന പദ്ധതികളുടെയും ചികിത്സാപദ്ധതികളുടെയും മേല്‍നോട്ടത്തിനായി ഒരു ജസ്റ്റിസിനെ ചുമതലപ്പെടുത്തിയ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമായിട്ടില്ല.

ജയിലുകളില്‍ വിചാരണത്തടവുകാരായി മാനസികാരോഗ്യമില്ലാത്ത 89 പേര്‍
കേരളത്തിലെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി മാനസികാരോഗ്യമില്ലാത്ത 89 പേരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് 2014ല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് തുടര്‍ന്ന് ജയില്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി വിചാരണത്തടവുകാരായി കഴിയുന്നവരാണ് ഇവരില്‍ ഏറെപ്പേരും.
വിചാരണത്തടവുകാരായി കഴിയുന്ന മാനസികാരോഗ്യമില്ലാത്ത ആളുകളുടെ കാര്യത്തില്‍ എന്തു നടപടിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മഞ്ഞളാംകുഴി അലി നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്: മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും സ്ഥലലഭ്യത ഉറപ്പുവരുത്തുന്ന മുറയ്ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കുമെന്നുമായിരുന്നു. എന്നാല്‍ ഇതും ഇതുവരെ നടപ്പായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com