മിഷേലിന്റെ മരണം ബന്ധുവിനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2017 09:20 PM |
Last Updated: 13th March 2017 09:20 PM | A+A A- |

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന നിലപാടില്‍ ഉറച്ച് പൊലീസ്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന്റെ നിഗമനം. മിഷേലുമായി രണ്ടുവര്‍ഷമായി താന്‍ അടുപ്പത്തിലായിരുന്നെന്നും അറസ്റ്റിലായ അലക്‌സാണ്ടര്‍ ബേബി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ അടുപ്പത്തെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. യുവാവിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. പിറവം സ്വദേശിയായ യുവാവ് ചത്തീസ്ഗഡില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്.
ആത്മഹത്യയ്ക്ക് ഇടയാക്കിയത് അടുപ്പത്തിലെ അസ്വരസ്യങ്ങളാണെന്നും മരണദിവസം മിഷേല്‍ ചില തീരുമാനങ്ങള്‍ എടുത്തെന്നും മിഷേല്‍ യുവാവിനോട് പറഞ്ഞെന്നാണ് ഇയാളുടെ മൊഴി.
പെണ്‍കുട്ടിയെ കാണാതാകുന്നതിന്റെ തലേന്ന് യുവാവ് മിഷേലിന്റെ ഫോണിലേക്ക് 57 എസ്എംഎസുകള്‍ അയച്ചിരുന്നു. കൂടാതെ നാലുതവണ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. മിഷേലിനെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നതായി കൂട്ടികാരിയും മൊഴി നല്‍കിയിട്ടുണ്ട്.
കേസന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാട്ടുകയാണെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി. മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിറവത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍