കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് കുടുംബശ്രീക്കാര്‍
Published: 14th March 2017 05:25 PM |
Last Updated: 14th March 2017 05:25 PM | A+A A- |
കൊച്ചി: കൊച്ചി മെട്രോയിലെ ഹൗസ്‌കീപ്പിങ് ജോലിക്കായുള്ള പരിശീലന പദ്ധതിയെന്ന് തെറ്റിധരിപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകരെ നിര്‍ബന്ധപൂര്‍വ്വം മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുപ്പിച്ചതായി പരാതി. കുടുംബശ്രീയുടെ ഭാഗമായ എന്‍യുഎന്‍എം പദ്ധതി മാനേജരായ ബബിതയാണ് തങ്ങളെ തെറ്റിധരിപ്പിച്ചതെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും പാലാരിവട്ടം ഗൈഡ്‌സിലും നടന്ന നൈപുണ്യ പരിശീലന പരിപാടിയില്‍ പങ്കെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരാണ് പരാതിക്കാര്‍.
കുടുംബശ്രീ പ്രവര്‍ത്തകരില്‍ പലരും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് പരിശീലത്തില്‍ പങ്കെടുത്തു കൊണ്ടിരുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ കൊച്ചി മെട്രോയില്‍ ജോലി ഉറപ്പാണെന്നായിരുന്നു ബബിത വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ നൈപുണ്യ പരിശീലന പദ്ധതിയില്‍ പങ്കെടുത്തവര്‍ക്ക് മെട്രോ പരീക്ഷയില്‍ മൂന്ന് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കിയെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു. മെട്രോ ജോലിക്കായുള്ള തിരഞ്ഞെടുപ്പുകള്‍ മാനദണ്ഡം പാലിച്ചായിരുന്നെന്നും അവര്‍ പറഞ്ഞു.