ഗോശ്രീ പാലത്തില്‍ മിഷേലെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടതായി സാക്ഷിമൊഴി

അമല്‍ എന്നയാളാണ് ഗോശ്രീ പാലത്തില്‍ അന്നേദിവസം ഒരു പെണ്‍കുട്ടിയെ കണ്ടെന്നും ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നും മൊഴി നല്‍കിയത്.
ഗോശ്രീ പാലത്തില്‍ മിഷേലെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടതായി സാക്ഷിമൊഴി

കൊച്ചി: മിഷേല്‍ ഷാജി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസിന്റെ വാദത്തെ ശക്തിപ്പെടുത്തുന്ന മട്ടില്‍ സാക്ഷിമൊഴി. പിറവം സ്വദേശിയായ അമല്‍ എന്നയാളാണ് ഗോശ്രീ പാലത്തില്‍ അന്നേദിവസം ഒരു പെണ്‍കുട്ടിയെ കണ്ടെന്നും ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നും മൊഴി നല്‍കിയത്.
വല്ലാര്‍പാടം പള്ളി കഴിഞ്ഞ് ബോള്‍ഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തെ രണ്ടാം പാലത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകിട്ട് ഒരു പെണ്‍കുട്ടി നടക്കുന്നതു കണ്ടതായാണ് അമലിന്റെ മൊഴി. അതുവഴി ബൈക്കില്‍ വരുമ്പോള്‍ ഒരു ട്രെയിലര്‍ ബ്രേക്കിട്ടപ്പോഴാണ് താന്‍ ശ്രദ്ധിച്ചത്. പാലത്തിലെ കൈവരിയില്ലാത്ത ഭാഗത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നതായി കണ്ടു. പെണ്‍കുട്ടിയെ കണ്ടിട്ടാണ് ട്രെയിലര്‍ ബ്രേക്കിട്ടത്. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോഴേക്കും ഒരു ഫോണ്‍ വരികയും വണ്ടി നിര്‍ത്തി പാലത്തിലേക്ക് നോക്കിയപ്പോഴും ആ പെണ്‍കുട്ടിയെ കണ്ടിരുന്നു. ഫോണ്‍ കട്ട് ചെയ്തശേഷം നോക്കിയപ്പോഴേക്കും പെണ്‍കുട്ടിയെ കാണാനുണ്ടായിരുന്നില്ലെന്നും അമല്‍ പോലീസിനോട് പറഞ്ഞു.
ആ വഴി വന്നിരുന്ന മറ്റൊരു ബൈക്കുകാരനോട് സംസാരിച്ചപ്പോള്‍ അയാളും ആ പെണ്‍കുട്ടിയെ കണ്ടതാണ്. പെട്ടെന്ന് കാണാതാവുകയായിരുന്നു എന്നാണ് പറഞ്ഞത്. രണ്ടുപേരും ചെന്ന് നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. താഴേക്ക് നോക്കിയപ്പോള്‍ നല്ല ഇരുട്ടായിരുന്നു. തുടര്‍ന്ന് അന്വേഷിക്കാന്‍ പോയില്ലെന്നും പോലീസിനോട് അമല്‍ മൊഴി നല്‍കി.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയെന്ന വാര്‍ത്ത കണ്ടപ്പോഴാണ് ഈ സംഭവം ഓര്‍മ്മ വന്നതും പോലീസില്‍ ഇക്കാര്യം പറയുകയും ചെയ്തത് എന്ന് അമല്‍ പിന്നീട് പറഞ്ഞു. എന്നാല്‍ പോലീസ് പല ഫോട്ടോകള്‍ കാണിച്ചുനല്‍കിയെങ്കിലും അമലിന് മിഷേലാണോ എന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല.
മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ മിഷേലിന്റെ പിതാവ് കൊലപാതകമാണെന്നും ആത്മഹത്യയാണെങ്കില്‍ എന്തിനുവേണ്ടിയാണ് ആത്മഹത്യ ചെയ്തതെന്നുകൂടി പറഞ്ഞുതരൂ എന്ന് പോലീസിനോട് പറഞ്ഞിരുന്നു. പോലീസ് അമലിന്റെ മൊഴിയില്‍ നിന്നുകൊണ്ടാണ് മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലെത്തിയത്. എന്നാല്‍ അമല്‍ പറയുന്ന മറ്റൊരു ബൈക്കുകാരനെ പോലീസ് കണ്ടെത്തിയോ എന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com