ജിഷ്ണു പ്രണോയിയുടെ മരണം: ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്റേതുതന്നെ

ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തഗ്രൂപ്പുകള്‍ എടുത്ത് ഡി.എന്‍.എ പരിശോധന നടത്തും. ഇതിനായി അന്വേഷണസംഘം ഇന്ന് നാദാപുരത്തെത്തും.
ജിഷ്ണു പ്രണോയിയുടെ മരണം: ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്റേതുതന്നെ

പാമ്പാടി: പാമ്പാടി നെഹ്‌റു കോളേജിലെ ഇടിമുറി എന്ന് വിശേഷിപ്പിക്കുന്ന കോളേജ് മുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറ വിഷ്ണുവിന്റെ അതേ രക്തഗ്രൂപ്പ്. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. മുറിയില്‍ കണ്ട രക്തം ഒ പോസിറ്റീവായിരുന്നു. ജിഷ്ണുവിന്റെ രക്തഗ്രൂപ്പും ഒ പോസിറ്റീവ് ഗ്രൂപ്പാണ്. കൂടുതല്‍ സ്ഥിരീകരണത്തിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തഗ്രൂപ്പുകള്‍ എടുത്ത് ഡി.എന്‍.എ പരിശോധന നടത്തും. ഇതിനായി അന്വേഷണസംഘം ഇന്ന് നാദാപുരത്തെത്തും.
പി.ആര്‍.ഒ. സഞ്ജിത് വിശ്വനാഥന്റെ മുറിയാണ് ഇടിമുറിയായി അറിയപ്പെടുന്നത്. അവിടെനിന്നും കണ്ടെത്തിയ രക്തക്കറയാണ് ഒ പോസിറ്റീവാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.
ജിഷ്ണു പ്രണോയി മരണപ്പെട്ടിട്ട് 67 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ ജിഷ്ണുവിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന വാദത്തിന് ശക്തിയേറുകയാണ്. ഇതേസമയം കോളേജ് പി.ആര്‍.ഒയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷ തടയുന്നതിന് കൂടുതല്‍ ബലം നല്‍കും.
ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തമെടുത്ത് ഡി.എന്‍.എ. പരിശോധന നടത്തുന്നതിനായി അന്വേഷണസംഘം ഇന്നു പുലര്‍ച്ചെതന്നെ തൃശൂരില്‍നിന്നും നാദാപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com