ജേക്കബ് തോമസ് പുറത്തേക്ക്, ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണി വരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2017 11:09 AM |
Last Updated: 15th March 2017 11:09 AM | A+A A- |

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു സ്ഥാനം നഷ്ടമായേക്കും. വിജിലന്‍സ് ഡയറക്ടറെ ഉള്‍പ്പെടെ മാറ്റി ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
ഇപി ജയരാജന്‍ കേസിലും സ്‌പോര്‍ട്‌സ് ലോട്ടറിയുടെ കാര്യത്തിലും വിജിലന്‍സ് ഡയറക്ടര്‍ എടുത്ത നിലപാടുകളില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇപി ജയരാജന്റെ ബന്ധു നിയമന വിവാദത്തില്‍ കടുത്ത ചട്ട ലംഘനമുണ്ടെന്നും ഇത് സ്വജന പക്ഷപാതം തന്നെയാണെന്നുമാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. സ്‌പോര്‍ട്‌സ് ലോട്ടറി കേസില്‍ ടിപി ദാസനെ ഉള്‍പ്പെടെ പ്രതിയാക്കി കേസെടുത്തതും പാര്‍ട്ടി നേതൃത്വത്തില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.
കോടതികളില്‍നിന്ന് വിജിലന്‍സിന് തുടര്‍ച്ചയായി വിമര്‍ശനമേല്‍ക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അതൃപ്തി കൂടി പരിഗണിച്ചുള്ള മാറ്റത്തിനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥ സമൂഹത്തെ പിണക്കുന്നതിനു കാരണമായിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം മന്ദഗതിയിലായത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഭരണത്തിനു വേഗം പോരെന്ന വിമര്‍ശനം ശക്തമാവുന്ന സാഹചര്യത്തില്‍ ഏതു വിധത്തിലും ഉദ്യോഗസ്ഥരുടെ വിശ്വാസം വീണ്ടെടുക്കണമെന്ന അഭിപ്രായവും നേതൃത്വത്തില്‍ ശക്തമാണ്. ഇതെല്ലാം കണക്കിലെടുത്തുള്ള അഴിച്ചുപണിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
മൂന്നാര്‍ ഒഴിപ്പിക്കലില്‍ സിപിഎം, സിപിഐ നേതൃത്വത്തിന്റെ അതൃപ്തിക്കിരയായ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമാണ് അഴിച്ചുപണിയില്‍ സ്ഥാനംതെറിക്കാന്‍ സാധ്യതയുള്ള മറ്റൊരാള്‍. മറ്റു ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ടാവും.