കുണ്ടറയിലെ പത്തുവയസുകാരിയുടെ ദുരൂഹമരണം: സിഐയെ സസ്‌പെന്റ് ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2017 02:41 PM |
Last Updated: 15th March 2017 07:54 PM | A+A A- |

കൊല്ലം: കുണ്ടറയില്‍ പെണ്‍കുട്ടി ദുരുഹസാഹചര്യത്തില്‍ ആത്മഹത്യചെയ്ത കേസില്‍ സിഐക്ക് സസ്‌പെന്‍ഷന്‍. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കുണ്ടറ സിഐ ആര്‍ സാബുവിനെ സസ്‌പെന്റ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കേസില്‍കുട്ടിയുടെഉറ്റബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുന്നു. കൂട്ടിയുടെ സമീപത്ത് താമസിക്കുന്ന ആളാണ് പിടിയിലായിരിക്കുന്നത്.
പത്തുവയസുകാരിയുടെ ദുരൂഹമരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. അതേസമയം കേസില്‍ പൊലീസ് വീഴ്ച ഐജി അന്വേിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡിഎംഒയും ശിശുക്ഷേമസമിതിയും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയുണ്ടായാതായി ആരോപണം ഉയര്‍ന്നിരുന്നു.
പത്തുവയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യചെയ്ത പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികപീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ജനുവരി പത്തിനാണ് പത്തുവയസുകാരി വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ തട്ടിനില്‍ക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൊല്ലം റൂറല്‍ എസ്പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും കേസന്വേഷണം വേണ്ടവിധം നടത്തുകയോ പ്രതികളെ പിടിക്കാനോ പൊലീസ് തയ്യാറായില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മരണത്തിന് കാരണം കുടുംബവഴക്കാണ് എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പും മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കുട്ടിതന്നെ എഴുതിയത് ആണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.