സര്‍ക്കാര്‍ ബോധവത്കരിച്ചു; മദ്യപാനം കൂടി

ബിയര്‍ മദ്യമല്ലെന്ന് കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തെക്കുറിച്ച് അറിഞ്ഞിട്ടാണോ എന്നറിയില്ല ബിയര്‍ കുറച്ച് മദ്യത്തിലേക്ക് കടന്നത്.
സര്‍ക്കാര്‍ ബോധവത്കരിച്ചു; മദ്യപാനം കൂടി

തിരുവനന്തപുരം: മദ്യഉപഭോഗത്തിനെതിരെ സര്‍ക്കാര്‍ ബോധവത്കരണത്തിന് ഒട്ടും കുറവുവരുത്തിയില്ല. പക്ഷെ മദ്യപാനികള്‍ കേട്ടത് സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം. മദ്യ ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ നാടുനീളെ പണം ചെലവിട്ട് വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തി. അതുകൊണ്ട് ബിയറിന്റെ ഉപഭോഗത്തില്‍ കുറവുണ്ടായതായി സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. പക്ഷെ വിദേശമദ്യത്തിന്റെ ഉപഭോഗത്തില്‍ വര്‍ദ്ധനവാണുണ്ടായത്. ബിയര്‍ മദ്യമല്ലെന്ന് കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തെക്കുറിച്ച് അറിഞ്ഞിട്ടാണോ എന്നറിയില്ല ബിയര്‍ കുറച്ച് മദ്യത്തിലേക്ക് കടന്നത്.
എക്‌സൈസ് വകുപ്പ് നിയമസഭയില്‍ ഒരു ചോദ്യത്തിന് നല്‍കിയ ഉത്തരമാണിത്. ''ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെയും വൈവിധ്യമാര്‍ന്ന ലഹരി വിരുദ്ധ ബോധവത്കരണങ്ങളുടെയും ഭാഗമായി 2016 ജൂണ്‍ മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവിലെ ബിയര്‍ വില്‍പനയില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ കുറവുണ്ടായി. വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ 2.56 ശതമാനത്തിന്റെ വര്‍ദ്ധനവും കാണുന്നു.''
വിദേശമദ്യത്തിന്റെ ഉപയോഗത്തില്‍ ചെറിയൊരു വര്‍ദ്ധനവല്ലേ ഉണ്ടായുള്ളൂ എന്ന് ആശ്വസിക്കുന്നതിനുമുമ്പേ മറ്റൊരു കണക്കു കൂടി കാണിക്കാം. നിയമസഭയില്‍ മറ്റൊരു ചോദ്യത്തിനായി എക്‌സൈസ് വകുപ്പ് നല്‍കിയ മറുപടികൂടി കാണുക: ''2017 ജനുവരിയടക്കമുള്ള ഏഴുമാസത്തെ കണക്കനുസരിച്ച് 18591 അബ്കാരി കേസുകളാണ് എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അടിസ്ഥാനപ്പെടുത്തി 60ശതമാനം വര്‍ദ്ധനവാണുണ്ടാക്കുന്നത്.'' അതായത് വ്യാജന്മാരുടെ ഒഴുക്കിന് അത്ര കണ്ടുതന്നെ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നര്‍ത്ഥം.
സര്‍ക്കാര്‍ ബോധവത്കരണം ശക്തിപ്പെടുത്തിയതോടെ ബിയറിന് വീര്യം പോരാ എന്നു മനസ്സിലാക്കിയ മദ്യപാനികള്‍ വിദേശമദ്യത്തിന്റെയും വ്യാജമദ്യത്തിന്റെയും ഉപഭോഗം വര്‍ദ്ധിപ്പിച്ചു! ബോധവത്കരണത്തിന്റെ ഒരു ഗുണം!
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ബോധവത്കരണത്തിന് ഒട്ടും കുറവില്ല.
കാട്ടുതീ തടയുന്നതിന്, വാഹനാപകടങ്ങള്‍ കൂടുന്നതിനെതിരെ, സ്ത്രീകള്‍ക്കെതിരെ അക്രമം വര്‍ദ്ധിക്കുന്നതിനെതിരെ, കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ ഇങ്ങനെയുള്ള എല്ലാത്തിനും ബോധവത്കരണം മാത്രമാണ് സര്‍ക്കാരിന്റെ പോംവഴികള്‍. പോരാതെ ഏതെങ്കിലും എന്‍.ജി.ഒയോ, സ്വകാര്യ സംഘങ്ങളോ സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് നിര്‍മ്മിച്ചു നല്‍കുന്ന ഡോക്യുമെന്ററി അല്ലെങ്കില്‍ ടെലിഫിലിം എന്നിവയുടെ പ്രദര്‍ശനം. ബോധവത്കരണം കഴിയുന്നതോടെ കുറച്ചു പണം ആ വഴിക്കു പോകും എന്നല്ലാതെ ഒരു ഗുണവുമില്ലെന്ന് വ്യക്തമാണ്.
റോഡ് സുരക്ഷയ്ക്കായി ആയിരക്കണക്കിന് ബോധവത്കരണ പദ്ധതികളാണ് നടത്തുന്നത്. എന്നാല്‍ റോഡില്‍ ഒരു വര്‍ഷം മരണപ്പെടുന്ന എണ്ണത്തില്‍ ഒട്ടും കുറവില്ല. 2016ല്‍ 4300ഓളം പേര്‍ക്കാണ് റോഡപകടങ്ങളില്‍ ജീവഹാനി സംഭവിച്ചത്. അരലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോധവത്കരണം ഇത്രയേറെ നടത്തിയിട്ടും 2016ല്‍ ഇന്റര്‍സെപ്റ്ററുകള്‍ സ്ഥാപിച്ച് നടത്തിയ പരിശോധനകളിലൂടെ മാത്രം 47393 കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. ഇത് ഒരു സംവിധാനത്തിലൂടെമാത്രം ലഭിച്ച കണക്കാണ്. ഈ ഒരു വര്‍ഷത്തെ കണക്കില്‍ മദ്യപിച്ച് വാഹനമോടിച്ചവര്‍ ആറുപേര്‍ മാത്രമേയുള്ളു. അപ്പോള്‍ ഇത് കുറ്റകൃത്യങ്ങളുടെ ചെറിയ ശതമാനം മാത്രമേ വരൂ.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ബോധവത്കരണത്തിന് ഒട്ടും കുറവില്ല. കുറ്റകൃത്യങ്ങള്‍ നടക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുപകരം ഓരോ വിഷയം നടക്കുമ്പോള്‍ അതിന്മേല്‍ ബോധവത്കരണം നടത്തുന്നതാണ് സര്‍ക്കാര്‍ ശൈലി. ഇങ്ങനെ ബോധവത്കരിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ മദ്യപാനക്കണക്ക് കണ്ടെങ്കിലും സര്‍ക്കാരിന് ബോധവത്കരണമുണ്ടാകുമോ എന്ന് കണ്ടറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com