ട്രാന്‍സ്ജന്‍ഡേഴ്‌സിന് ആധുനിക സാങ്കേതികവിദ്യാ പരിജ്ഞാനം ഉറപ്പാക്കും : ഡോ. ഉഷ ടൈറ്റസ്
By സമകാലിക മലയാളം ഡസ്‌ക് | Published: 16th March 2017 09:18 PM |
Last Updated: 17th March 2017 01:19 PM | A+A A- |

തമിഴ്‌നാട്ടില്‍ അവകാശ സമരം നടത്തുന്ന ട്രാന്‍സ്‌ജെന്റേഴ്‌സ്(ഫയല്‍ചിത്രം)
ട്രാന്‍സ്ജന്‍ഡേഴ്‌സിന് ആധുനിക സാങ്കേതികവിദ്യാ പരിജ്ഞാനം ഉറപ്പാക്കും : ഡോ. ഉഷ ടൈറ്റസ്
തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാക്കുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പദ്ധതി ട്രാന്‍സ് ജന്‍ഡേഴ്‌സിന് കൂടി പ്രയോജനപ്രദമാക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഐഎഎസ്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ ഇന്നത്തെ സമൂഹത്തില്‍ ജീവിക്കാനാകൂ. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട അവസരം ട്രാന്‍സ് ജന്‍ഡേഴ്‌സിനും ഒരുക്കേണ്ടതുണ്ട്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ട്രാന്‍സ്ജന്‍ഡര്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ സര്‍വെ പരിശീലനം തൈക്കാട് പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ് ട്രാന്‍സ് ജന്‍ഡേഴ്‌സില്‍ പലരും. അത്തരക്കാര്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. അതിന്റെ ഉദ്ദേശ്യം മനസിലാക്കി എല്ലാ ട്രാന്‍സ്ജന്‍ഡേഴ്‌സും ഇതില്‍ പങ്കാളികളാകണമെന്നും ഡോ. ഉഷ ടൈറ്റസ് ഐഎഎസ് പറഞ്ഞു. ട്രാന്‍സ് ജന്‍ഡേഴ്‌സിനായി തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.