മിഷേലിന്റെ മരണം; വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2017 08:01 AM |
Last Updated: 16th March 2017 08:09 AM | A+A A- |

കൊച്ചി: സിഎ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മിഷേലിനെ യുവാക്കള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചായിരിക്കും അന്വേഷണം.
പ്രതിപട്ടികയിലുള്ള ക്രോണിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണാക്കുറ്റമാണ് ക്രോണിന് മേല്‍ ചുമത്തിയിരിക്കുന്നത്. പത്ത് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരിക്കും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക.
പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച തലശേരി സ്വദേശിയേയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. എസ്പി പി.ക.മധുവിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ബുധനാഴ്ച ഗോശ്രീ പാലത്തിലും പരിസരത്തും തെളിവെടുപ്പ് നടത്തിയിരുന്നു. അതിനിടെ മിഷേലിന്റെ അമ്മയുടെ മൊഴിയെടുത്ത അന്വേഷണ സംഘം മിഷേലുമായി ബന്ധമുള്ളവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
മാര്‍ച്ച് ആറിനായിരുന്നു മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ നിന്നും കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം കലൂര്‍ പള്ളിയില്‍ നിന്നുമിറങ്ങിയ മിഷേലിനെ യുവാക്കള്‍ ബൈക്കില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
മിഷേലുമായി പ്രശ്‌നങ്ങളില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി മിഷേല്‍ മരിച്ചെന്ന് അറിഞ്ഞതിന് ശേഷവും മിഷേലിന്റെ ഫോണിലേക്ക് ക്രോണ്‍ മെസേജുകള്‍ അയച്ചതായാണ് പൊലീസിന്റെ നിഗമനം.
പ്രാഥമിക അന്വേഷണത്തില്‍ മിഷേലിന്റേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ മിഷേലിനുണ്ടായിരുന്നില്ലെന്നും, മരണത്തില്‍ ദൂരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു.