ജനകീയ സമരങ്ങള്‍ വിജയിക്കാത്തിടത്ത് വേനല്‍ ജയിച്ചു, കഞ്ചിക്കോട്ടെ പെപ്‌സി പ്ലാന്റ് പൂട്ടി 

വര്‍ഷം മുഴുവന്‍ കുടിവെള്ളത്തിന് വേണ്ടി തങ്ങള്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയാണെന്നും കമ്പനി സ്ഥിരമായി പൂട്ടിക്കണം എന്നുമാണ് നാട്ടുകാരുടെ അഭിപ്രായം
ജനകീയ സമരങ്ങള്‍ വിജയിക്കാത്തിടത്ത് വേനല്‍ ജയിച്ചു, കഞ്ചിക്കോട്ടെ പെപ്‌സി പ്ലാന്റ് പൂട്ടി 

പാലക്കാട്: കഞ്ചിക്കോട്‌ പുതുശ്ശേരി പഞ്ചായത്തില്‍ നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ച് ജലമൂറ്റി കൊണ്ടിരുന്ന പെപ്‌സി പ്ലാന്റ് തത്കാലത്തേക്ക് പൂട്ടി. കേരളത്തിലെ കനത്ത വരള്‍ച്ചയാണ് അതിരുകള്‍ ഇല്ലാതെ തുടര്‍ന്നു വന്ന പെപ്‌സി കമ്പനിയുടെ ജലചൂഷണത്തിന് താത്കാലികമായെങ്കിലും തടയിടാന്‍ സഹായിച്ചത്. 

വേനല്‍ കടുക്കുന്നതിന് മുമ്പ് തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന പഞ്ചായത്തില്‍ ക്ഷാമം കണക്കിലെടുക്കാതെയും ജനകീയ പ്രതിഷേധങ്ങള്‍ക്ക് വിലകൊടുക്കാതെയും പ്രവര്‍ത്തിച്ചു വന്ന പ്ലാന്റാണ് ഇപ്പോള്‍ വെള്ളം കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ പൂട്ടിയിരിക്കുന്നത്. കടുത്ത ജലക്ഷാമത്തിന്റെ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ ജലനിന്ത്രണ നിര്‍ദേശം കണക്കിലെടുത്താണ് കമ്പനി താത്കാലികമായി പ്ലാന്റ് പൂട്ടാന്‍ തയ്യാറായത്.

മുമ്പ് പ്രതിദിനം ആറു ലക്ഷം ലിറ്റര്‍ വെള്ളമാണ് പെപ്‌സി ഊറ്റിടെയുത്തുത്തിയുന്നത്. ഇപ്പോള്‍ ഒന്നര ലക്ഷം ലിറ്ററാണ് പെപ്‌സി ഊറ്റുന്നത്. ഇത് പ്ലാന്റിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് പോലും തികയില്ല എന്ന സ്ഥിതി വന്നതോടെയാണ് പെപ്‌സി പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്. മഴക്കാലം വരുന്നത് വരെ പ്ലാന്റ് തുറക്കേണ്ട എന്ന നിലപാടിലാണ് കമ്പനി. 

വെള്ളം മുഴുവന്‍ ഊറ്റിയെടുത്തതിന് ശേഷം താത്കാലികമായി പൂട്ടിയത് കൊണ്ട് എന്ത് പ്രയോജനം എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വര്‍ഷം മുഴുവന്‍ കുടിവെള്ളത്തിന് വേണ്ടി തങ്ങള്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയാണെന്നും കമ്പനി സ്ഥിരമായി പൂട്ടിക്കണം എന്നുമാണ് നാട്ടുകാരുടെ അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com