ബഹിഷ്‌കരണമെല്ലാം തമിഴ്‌നാട്ടില്‍, സംസ്ഥാനത്തെ വ്യാപാരികള്‍ പെപ്‌സിയും കോളയും വില്‍ക്കും

വരള്‍ച്ച രൂക്ഷമാവുന്ന പശ്ചാത്തലത്തിലും ബഹുരാഷ്ട്ര ശീതള പാനീയ കമ്പനികള്‍ ജലചൂഷണം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് പെപ്‌സി, കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് സമിതി പ്രഖ്യാപിച്ചത്.
ബഹിഷ്‌കരണമെല്ലാം തമിഴ്‌നാട്ടില്‍, സംസ്ഥാനത്തെ വ്യാപാരികള്‍ പെപ്‌സിയും കോളയും വില്‍ക്കും

കൊച്ചി: സംസ്ഥാനത്ത് കൊക്കോ കോള, പെപ്‌സി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍നിന്ന് വ്യാപാരികള്‍ പിന്‍മാറി. അംഗങ്ങളില്‍നിന്ന് വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്‍മാറ്റം. 

വരള്‍ച്ച രൂക്ഷമാവുന്ന പശ്ചാത്തലത്തിലും ബഹുരാഷ്ട്ര ശീതള പാനീയ കമ്പനികള്‍ ജലചൂഷണം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് പെപ്‌സി, കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് സമിതി പ്രഖ്യാപിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസിറുദ്ദീനാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. നേതാക്കള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെയും അംഗങ്ങള്‍ ചോദ്യം ചെയ്തു. നേരത്തെയെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമിതി അംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. കൈയിലുള്ള സ്‌ററോക്ക് പതിനഞ്ചിനകം വിറ്റു തീര്‍ക്കാനും ബാക്കിയുള്ളത് തിരിച്ചുകൊടുക്കാനുമായിരുന്നു സര്‍ക്കുലര്‍. എന്നാല്‍ എതിര്‍പ്പു ശക്തമായ സാഹചര്യത്തില്‍ തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന് സമിതി തീരുമാനിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ പെപ്‌സിക്കും കോളയ്ക്കും വ്യാപാരികള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഫലപ്രദമായി നടപ്പാക്കുന്നുമുണ്ട്. ഇതിനെ മതൃകയാക്കി സംസ്ഥാനത്തും ബഹിഷ്‌കരണം നടപ്പാക്കാനായിരുന്നു സമിതി ഉദ്ദേശിച്ചിരുന്നത്. ഇതിനിടെ ബേക്കേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ ബഹിഷ്‌കരണത്തിനെതിരെ രംഗത്തുവന്നിരുന്നു.

കോള, പെപ്‌സി വില്‍പ്പന നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുന്നപക്ഷം വ്യാപാരികള്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ടി നസിറുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബഹിഷ്‌കരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെന്നും നസിറുദ്ദീന്‍  വിശദീകരിച്ചു.

കോള, പെപ്‌സി ബഹിഷ്‌കരണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് സിപിഎം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com