ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2017 12:48 PM |
Last Updated: 18th March 2017 01:13 PM | A+A A- |

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നിലവില്‍ കേരള പൊലീസിന്റെ സൈബര്‍ ഡോം മേധാവിയാണ് മനോജ് എബ്രഹാം.
എറണാകുളം സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ 61 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന് കാണിച്ച പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നേരത്തെ ഈ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസ് മൂവാറ്റുപുഴ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.