പതഞ്ജലിക്കെതിരെ കേസ്
By സമകാലിക മലയാളം ഡസ്‌ക് | Published: 18th March 2017 02:46 PM |
Last Updated: 18th March 2017 02:46 PM | A+A A- |

കൊച്ചി: തൃപ്പൂണിത്തുറയില്‍ പതഞ്ജലി ഹെര്‍ബല്‍ പ്രൊഡക്ട്‌സിന്റെ പരസ്യത്തിനായി ആനയെ അനധികൃതമായി എഴുന്നള്ളിച്ചതിനെതിരെ ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പരാതി നല്‍കി. മാര്‍ച്ച് പതിനഞ്ചിന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ രണ്ട് ആനകളെ അനധികൃതമായി പതഞ്ജലി ഹെര്‍ബല്‍ പ്രൊഡക്ട്‌സിന്റെ പരസ്യപ്രചരണാര്‍ത്ഥം എഴുന്നള്ളിച്ചു എന്നതാണ് പരാതിയ്ക്ക് അടിസ്ഥാനം.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ രാവിലെ ഏഴുമുതല്‍ ഒരു മണിവരെയാണ് ആനകളെ എഴുന്നള്ളിച്ച് നിര്‍ത്തിയത്. ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് നടന്ന താലപ്പൊലിയടക്കമുള്ള എഴുന്നള്ളിപ്പിന് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പരാതി നല്‍കിയിട്ടുണ്ട്.
2013 മാര്‍ച്ച് 20ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിലുള്ള ആനയെഴുന്നള്ളിപ്പുകള്‍ക്കുമാത്രമാണ് അനുമതിയുള്ളത്. പരസ്യങ്ങള്‍ പോലെയുള്ള പുതിയ ആനയെഴുന്നള്ളിപ്പുകള്‍ക്ക് അനുമതിയില്ല.
2016ല്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഓണാഘോഷപരിപാടികളുടെ ഭാഗമായി ഫഌവേഴ്‌സ് ചാനല്‍ ആനയെ ഒരുക്കി നിര്‍ത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ചാനല്‍ സി.ഇ.ഒയ്‌ക്കെതിരെ വനംവകുപ്പ് ക്രിമിനല്‍ കേസ് എടുത്തിട്ടുള്ളതാണ്.
സര്‍ക്കാരിന്റെ ഇതേ ഉത്തരവു പ്രകാരം 2017ല്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ ആനയെ എഴുന്നള്ളിപ്പിച്ചതിന് തൃശൂര്‍ ബിഷപ്പിനെയിരെയും അന്ന് വനംവകുപ്പ് ക്രിമിനല്‍ കേസ് എടുത്തിരുന്നു. ഹെറിറ്റേജ് അനിമല്‍ ടാക്‌സ് ഫോഴ്‌സ് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ഈ നടപടിയുണ്ടായത്. പതഞ്ജലി ഹെര്‍ബല്‍ പ്രൊഡക്ടസിന്റെ അനധികൃത ആന എഴുന്നള്ളിപ്പിനെതിരെ ശക്തമായിത്തന്നെ മുന്നോട്ടുപോകുമെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറഞ്ഞു.