ആദില്‍ എന്നാല്‍ ധീരന്‍; ജീവന്‍ രക്ഷിച്ചത് 19 കുരുന്നുകളുടെ

ഏഴാംക്ലാസുകാരന്‍ ആദിലാണ് കണ്ണൂരില്‍ ഇപ്പോള്‍ ധീരതയുടെ ആള്‍രൂപം.
ആദില്‍ എന്നാല്‍ ധീരന്‍; ജീവന്‍ രക്ഷിച്ചത് 19 കുരുന്നുകളുടെ

കണ്ണൂര്‍: നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ് നീങ്ങി അപകടം മുന്നില്‍ക്കണ്ടപ്പോള്‍ ഓടിച്ചെന്ന് ബ്രേയ്ക്ക് ചവിട്ടി ജീവന്‍ രക്ഷിച്ച ഏഴാംക്ലാസുകാരന്‍ ആദിലാണ് കണ്ണൂരില്‍ ഇപ്പോള്‍ ധീരതയുടെ ആള്‍രൂപം.
സംഭവം ഇങ്ങനെ:
ഇരുപതു സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന ബസ് നിര്‍ത്തി ഡ്രൈവര്‍ ഒന്ന് പുറത്തേക്കിറങ്ങി. വിദ്യാര്‍ത്ഥികളെല്ലാം കണ്ണൂരിലെ പെരിങ്ങത്തൂര്‍ ടൗണ്‍ അല്‍പം ഇറക്കമുള്ള പ്രദേശമാണ്. ഡ്രൈവര്‍ പോയതും സ്‌കൂള്‍ ബസ് പതിനെ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി.
ബസ് അനങ്ങാന്‍ തുടങ്ങിയപ്പോള്‍ കുട്ടികളെല്ലാം കരച്ചിലായി. അഞ്ചുമുതല്‍ പത്തുവയസ്സുവരെയുള്ള കൊച്ചുകുട്ടികളാണ് ബസിലുള്ളത്. കുട്ടികളുടെ നിലവിളികള്‍ ഉച്ചത്തിലായി.
ടൗണിലുള്ള ആളുകള്‍ക്ക് സംഭവം എന്താണെന്ന് മനസ്സിലാക്കാനുള്ള സമയംപോലുമില്ലായിരുന്നു. എന്തോ അപകടം സംഭവിക്കാന്‍ പോകുന്നു എന്നല്ലാതെ മറ്റൊന്നും അറിയില്ല. ബസില്‍ ഡ്രൈവര്‍ ഇല്ലെന്നു മനസ്സിലായവര്‍ക്കുതന്നെ ഒന്നും ചെയ്യാന്‍ സാധിക്കാതെ നിന്നുപോയി. എന്തുചെയ്യണമെന്ന് ചിന്തിക്കാന്‍പോലും പറ്റാത്ത സാഹചര്യം.
ബസിന്റെ വേഗത വര്‍ദ്ധിക്കുകയാണ്. മുന്നില്‍ ആളുകള്‍ ചിതറിയോടുന്നു. കടകളും തെരുവുകച്ചവടക്കാരും എല്ലാമുള്ള ടൗണിലൂടെ എല്ലാം തകര്‍ത്ത് ഇപ്പോള്‍ ആ ബസ് ഇടിച്ചുമറിയും എന്നുറപ്പ്!
സ്‌കൂള്‍ ബസിന്റെ പിന്നില്‍നിന്നും ഒരു പയ്യന്‍ അലറിവിളിക്കുന്ന സഹപാഠികള്‍ക്കിടയിലൂടെ ഓടിവരുന്നു. ബസിന്റെ അനക്കത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തെറിച്ചുവീഴുമ്പോഴും അവന്‍ ലക്ഷ്യം വച്ചത് ഡ്രൈവര്‍ സീറ്റിലേക്കാണ്. അവന്‍ ഓടിയെത്തി ബസിന്റെ ബ്രേയ്ക്കിലേക്ക് കാലെടുത്തുവച്ചു. കുഞ്ഞുകാല്‍ കൊണ്ട് സര്‍വ്വശക്തിയുമെടുത്ത് അമര്‍ത്തിപ്പിടിച്ചു.
ഒരു വന്‍അപകടം മുന്നില്‍ക്കണ്ടവര്‍ സഡന്‍ ബ്രേയ്ക്കിട്ടുനിന്ന ബസിന്റെ അടുത്തേക്ക് ഓടിയെത്തി. ഡ്രൈവിംഗ് സീറ്റില്‍ ആദില്‍ എന്ന പത്തുവയസ്സുകാരന്‍. കാല്‍കൊണ്ട് ബ്രേയ്ക്കിലേക്ക് അമര്‍ത്തിപ്പിടിച്ച ആദിലിന്റെ ചുവന്നുതുടുത്ത മുഖത്ത് 19 കുരുന്നുകളുടെ പ്രാര്‍ത്ഥനയുടെ വെളിച്ചം കാണാമായിരുന്നു.
അണിയാരം കല്ലുങ്കല്‍ റഷീദിന്റെ മകനാണ് ധീരനായ ആദില്‍. കടവത്തൂര്‍ വെസ്റ്റ് യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആദിലാണ് ഇപ്പോള്‍ കണ്ണൂരിലെ പുലിക്കുട്ടി! ആദിലിന് അഭിനന്ദനങ്ങളുമായി നിരവധിയാളുകളാണ് പെരിങ്ങത്തൂരിലേക്ക് എത്തുന്നത്. അവര്‍ക്കുമുന്നില്‍ പുഞ്ചിരിയോടെ അഭിനന്ദനങ്ങളേറ്റുവാങ്ങി നില്‍ക്കുകയാണ് ആദില്‍ എന്ന മിടുമിടുക്കന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com