പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് ഏഴു ശതമാനം പേര്‍ മാത്രം, എവിടെയുമെത്താതെ ഷെഫീഖ് കമ്മിറ്റി ശുപാര്‍ശകള്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്തെ ഞെട്ടിക്കുന്ന കണക്കുകള്‍
പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് ഏഴു ശതമാനം പേര്‍ മാത്രം, എവിടെയുമെത്താതെ ഷെഫീഖ് കമ്മിറ്റി ശുപാര്‍ശകള്‍

ഇരകളുടെ ഇടയില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്ന കാലമാണ്. സ്വയം തോക്കെടുത്തതുകൊണ്ടോ രക്ഷിതാക്കള്‍ ആയുധമെടുത്തതുകൊണ്ടോ പരിഹരിക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ് പ്രശ്‌നം. ലൈംഗിക വേട്ടക്കാരുടെ എണ്ണം പെരുകാതിരിക്കാന്‍ നിയമവിധേയമായ മാതൃകകളാണ് പരിഹാരം. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരുടെ മാത്രം പക്ഷത്തായിരിക്കുക, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി കേസെടുക്കുന്നതിലും തുടര്‍നടപടികളിലും പൊലീസ് വിട്ടുവീഴ്ച ചെയ്യാതിരിക്കുക, കോടതികള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുക എന്നീ മൂന്നു കാര്യങ്ങള്‍ പ്രധാനമാണെന്നു സാമൂഹിക പ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുകയും ഉത്തരവാദപ്പെട്ടവര്‍ സമ്മതിക്കുകയും ചെയ്യുന്നു. പക്ഷേ, മുന്‍ഗണനകള്‍ മാറിപ്പോകുന്നു എന്നതിനു തെളിവുകളേറെ. 2000-ല്‍ നിര്‍മ്മിക്കുകയും 2006-ലും 2011-ലും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്ത ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ (സി.ഡബ്‌ള്യു.സി) പലതിന്റെയും കള്ളത്തരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറത്തുവരാത്ത പലതുമുണ്ട് അവയില്‍ പലതും കേട്ടതിനേക്കാള്‍ ഭീകരവുമാണ്. പൊലീസ് മിക്കപ്പോഴും വിട്ടുവീഴ്ച ചെയ്യുന്നതു പ്രതികള്‍ക്കുവേണ്ടി. കോടതിയില്‍ എത്തുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ വളരെക്കൂടുതലാണ് ശിക്ഷിക്കപ്പെടാതിരിക്കുന്നവര്‍ എന്നതിലുണ്ട് പൊലീസിന്റെ കള്ളക്കളിയുടെ തെളിവ്. പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരം എടുത്ത കേസുകളില്‍ 2015-ല്‍ ശിക്ഷിക്കപ്പെട്ടത് ഏഴ് ശതമാനം, 2016-ല്‍ എട്ട് ശതമാനം. സമീപ വര്‍ഷങ്ങളില്‍ പുറത്തുവന്ന കേസുകളിലെ മാത്രം വിവരങ്ങള്‍ പ്രകാരം കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 50 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തില്‍പ്പെട്ടു ഗര്‍ഭിണികളായി. ഇവരില്‍ 35 പേര്‍ പ്രസവിച്ചു, 15 പേരുടെ ഗര്‍ഭം അലസിപ്പിച്ചു. മൂന്നു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി സ്‌കൂളില്‍ പോകുന്ന പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയായ അമ്മയുണ്ട്; അച്ഛന്റെ ജ്യേഷ്ഠന്റെ കുട്ടിയെ പ്രസവിച്ചു മൂന്നാം ദിവസം ആശുപത്രിയില്‍നിന്നു മടങ്ങിയ പതിമൂന്നു വയസ്സുകാരിയെ ആഴ്ചകള്‍ക്കുള്ളില്‍ മനോരോഗാശുപത്രിയില്‍ കണ്ട ഞെട്ടിക്കുന്ന സംഭവമുണ്ട്. ഒരു പീഡനക്കേസില്‍ പിടിക്കപ്പെട്ടയാള്‍ക്കു ശിക്ഷ ഉറപ്പാക്കുന്നതിന് ഇടപെടേണ്ടവര്‍ കണ്ണടച്ചപ്പോള്‍ പലയിടത്തായി അയാള്‍ നാല് പെണ്‍കുട്ടികളെക്കൂടി പീഡിപ്പിച്ചു. കേസെടുക്കാന്‍ തെളിവുള്ളതു രണ്ടെണ്ണത്തില്‍ മാത്രം. ആരുമില്ലാത്തവരായി മാറുന്ന കുട്ടികളെ അകന്ന ബന്ധുക്കളോ മറ്റോ ഏറ്റെടുത്ത ശേഷം ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളും കണ്ടെത്തി. പക്ഷേ, ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല.

ഇടുക്കിയിലെ ഷെഫീഖ് എന്ന കുട്ടിക്കു കുടുംബത്തിനുള്ളില്‍ ക്രൂരമര്‍ദ്ദനമേറ്റതു കേരളം സമീപകാലത്തു കാര്യമായെടുത്ത സംഭവങ്ങളിലൊന്നാണ്. അതേത്തുടര്‍ന്നു സര്‍ക്കാര്‍ നിയോഗിച്ച 'ഷെഫീഖ് സമിതി' വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കുട്ടികളുടെ സുരക്ഷയ്ക്ക് ഒരു മാതൃകാ പെരുമാറ്റച്ചട്ടം തന്നെ ഉണ്ടാക്കാനുള്ള ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, അതിന് ഒരു സമഗ്രരേഖ പുറത്തിറക്കുകയും ചെയ്തു. പിന്നീടെന്തായി എന്ന അന്വേഷണത്തിന് ഒന്നുമായില്ല എന്നാണ് സാമൂഹിക നീതിവകുപ്പില്‍നിന്നു ലഭിക്കുന്ന മറുപടി. യു.ഡി.എഫ് സര്‍ക്കാരിന്റേയും അതിലെ സാമൂഹികനീതി മന്ത്രി എം.കെ. മുനീറിന്റെയും ആവേശം കെട്ടടങ്ങിയതോടെ ബാലസുരക്ഷാ പ്രോട്ടോക്കോള്‍ ഫയലില്‍ മാത്രമായി ഒതുങ്ങി, ഉറങ്ങി. ഇടതുമുന്നണി സര്‍ക്കാര്‍ അത് ഇതുവരെ പൊടി തട്ടി എടുത്തതായി സൂചനകളൊന്നുമില്ല.
ശാരീരികമോ മാനസികമോ ആയ മുറിവേല്‍പ്പിക്കല്‍, ലൈംഗിക അതിക്രമം, ചൂഷണം, അവഗണന എന്നിവയാണ് കേരളത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരയ്ക്ക് ജീവിതത്തിലുടനീളം ശാരീരികമായും മാനസികമായും നിലനില്‍ക്കുന്ന തരം പ്രത്യാഘാതമുണ്ടാക്കുന്ന ഗൗരവമുള്ള പ്രശ്‌നമാണ് കുട്ടികളോടുള്ള അതിക്രമം എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അതിക്രമത്തിന്റെ ഇനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
ലൈംഗിക സംതൃപ്തിക്കുവേണ്ടി കുട്ടിയെ ചൂഷണം ചെയ്യുന്നതും ബാലവേശ്യാവൃത്തി ചെയ്യിക്കല്‍, കുട്ടികളെക്കൊണ്ട് അശ്‌ളീലദൃശ്യങ്ങള്‍ നിര്‍മ്മിക്കല്‍ തുടങ്ങി ദുരുദ്ദേശ്യത്തോടെ ലാളിക്കുന്നതും അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നതും ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമമാണ്. ശാരീരിക അതിക്രമം എന്നാല്‍ അടി, ഭയപ്പെടുത്തല്‍, പൊള്ളിക്കല്‍, മനുഷ്യരുടെ കടി, അടിച്ചമര്‍ത്തല്‍ എന്നിവ. മാനസികമായ അവഗണയാകട്ടെ, കുട്ടിക്കു ശരിയായ പിന്തുണയും ശ്രദ്ധയും വാല്‍സല്യവും നല്‍കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന സ്ഥിരമായ വീഴ്ചയും. കുട്ടിയെ താഴ്ത്തിക്കെട്ടുകയോ അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതു മാനസിക പീഡനം. വേണ്ടത്ര വിഭവങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യം, വിദ്യാഭ്യാസം, മാനസിക വികാസം, പോഷകാഹാരം തുടങ്ങിയ കാര്യങ്ങളില്‍ ശരിയായതു ചെയ്യുന്നതില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന പരാജയം അവഗണനയാണ്. കുട്ടികള്‍ക്കു മദ്യവും മയക്കുമരുന്നും കൊടുക്കുന്നതും അവരെക്കൊണ്ട് അവ വില്‍പ്പിക്കുന്നതും അവരോടുള്ള അതിക്രമം തന്നെ. 
കുട്ടികള്‍ക്കുവേണ്ടി എന്ന പേരില്‍ വിവിധ വകുപ്പുകള്‍ നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അവയില്‍ ഇടപെട്ടു ശക്തിപ്പെടുത്തുകയും ദൗര്‍ബ്ബല്യങ്ങളും വിടവുകളും പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ അധികം പണം ലഭ്യമാക്കുകയും വേണം. അതിക്രമങ്ങളില്‍നിന്നു പ്രതിരോധം, സുരക്ഷ, പുനരധിവാസം എന്നിവ നല്‍കുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കി അവര്‍ക്കു നീതി ഉറപ്പാക്കാനുള്ള ശുപാര്‍ശകള്‍ എന്നായിരുന്നു അവകാശവാദം. 
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ പറ്റുന്നവയാണ്. അതിന് അതിക്രമങ്ങള്‍ക്കെതിരെ നടപടികളെടുക്കണം, കേസ് മനസ്സിലാക്കി വേഗത്തില്‍ ഇടപെടണം, ഇരയ്ക്കു ശ്രദ്ധയും സുരക്ഷയും നല്‍കണം, അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കണം. പോക്‌സോ നിയമത്തെക്കുറിച്ചു ബോധവല്‍ക്കരണം വ്യാപിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് കര്‍മ്മരേഖയില്‍ ഉണ്ടായിരുന്നത്. ജനകീയ ബോധവല്‍ക്കരണ പരിപാടിയും അതിക്രമങ്ങളോടു പൊറുക്കാത്ത നിയമനടപടികളും വീട്ടിലും സ്‌കൂളിലും അച്ചടക്കത്തിനു പോസിറ്റീവായ രീതികള്‍ മാത്രം, കുട്ടികളെ ദോഷകരമായി ബാധിക്കുന്ന സാംസ്‌കാരിക രീതികളുടെ മാറ്റം തുടങ്ങി പ്രതീക്ഷ നല്‍കിയ ഒട്ടേറെ കാര്യങ്ങള്‍. 
സാമൂഹികനീതി, പൊതുവിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം, പഞ്ചായത്ത്, ആഭ്യന്തരം എന്നീ വകുപ്പുകള്‍ സമയബന്ധിതമായി ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ടു പറയുന്നതിനൊപ്പം ഒരു കാര്യമുണ്ട്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ (സി.ഡബ്‌ള്യു.സി) സാമൂഹികനീതി വകുപ്പു ശക്തിപ്പെടുത്തണം. അതിക്രമക്കേസുകളില്‍ ഫലപ്രദമായ ഇടപെടലാണ് ആദ്യം വേണ്ടത്. ലൈംഗിക അതിക്രമം നടന്നതായി വിവരം ലഭിച്ചാല്‍ അന്നുതന്നെ പൊലീസില്‍ അറിയിക്കുക, കുടുംബാംഗത്തില്‍നിന്നാണ് അതിക്രമമെങ്കില്‍ കുട്ടിയെ വീട്ടില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കുക എന്നതു നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തേതായിരുന്നു.

വിശദ റിപ്പോര്‍ട്ട് ഈ ലക്കം മലയാളം വാരികയില്‍:

ഞെട്ടിയതുകൊണ്ടു മാത്രംകാര്യമില്ല,
ഇതൊക്കെ സത്യങ്ങളാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com