കേരളത്തില്‍ ബിഡിജെഎസ് ബിജെപിയെക്കാള്‍ കരുത്തുള്ള പാര്‍ട്ടി,മലപ്പുറത്ത് എന്‍ഡിഎ സഖ്യമില്ല;വെള്ളാപ്പള്ളി നടേശന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2017 11:40 AM |
Last Updated: 20th March 2017 04:04 PM | A+A A- |

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്നേ എന്‍ഡിഎയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിയെ ഒറ്റയ്ക്ക് തീരുമാനിച്ച ബിജെപിക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്ത് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ഇല്ല, ശ്രീപ്രകാശ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല.
കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ബിഡിജെഎസ് കേരളത്തില്‍ ബിജെപിയെക്കാള്‍ കരുത്തുളള പാര്‍ട്ടിയാണ്. തങ്ങളുടെ അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന് കരുതേണ്ട. ഭാവിയില്‍ ഏത് മുന്നണിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനുളള സാധ്യതകള്‍ തളളിക്കളയുന്നില്ല. അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ സഖ്യത്തില്‍ ബിഡിജെഎസിന് പ്രാധാന്യം നല്‍കാതെയുള്ള ബിജെപിയുടെ പ്രവര്‍ത്തികളില്‍ വെള്ളാപ്പള്ളിയും കൂട്ടരും ഈയിടെയെയായി അതൃപ്തരാണ്. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാ മറയും നീക്കി പുറത്തു വന്നിരിക്കുകയാണ്. സഖ്യ മര്യാദകള്‍ പാലിക്കാതിരുന്ന ബിജെപിയ്ക്ക് താക്കീത് എന്നവണ്ണം മാര്‍ച്ച് പത്തിന് ഡല്‍ഹിയില്‍ വെച്ച് നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തില്‍ എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളപ്പള്ളി പങ്കെടുത്തിരുന്നില്ല. പകരം ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബുവാണ് പങ്കെടുത്തത്. കേന്ദ്ര പദവികളില്‍ ഉള്‍പ്പെടെ ബിജെപി ബിഡിജെഎസിനെ തഴയുന്നു എന്നതാണ് ബിഡിജെഎസിന്റെ ആരോപണം.