കൃഷ്ണദാസിന്റെ അറസ്റ്റിനെതിരെയുണ്ടായ ഹൈക്കോടതി ഇടപെടല്‍ അസാധാരണമെന്ന് എസ്എഫ്‌ഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st March 2017 08:12 AM |
Last Updated: 21st March 2017 11:56 AM | A+A A- |

കൊച്ചി: നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റിനെതിരെയുണ്ടായ ഹൈക്കോടതി ഇടപെടല്‍ അസാധാരണമെന്ന് എസ്എഫ്‌ഐ. അറസ്റ്റിനെത്തുടര്‍ന്ന് കോടതി നടത്തിയ രൂക്ഷവിമര്‍ശനം അസാധാരണമാണെന്നും കോടതി ഇത്തരത്തില്‍ പെരുമാറിയത് എന്തിനാണെന്ന് അറിയില്ലെന്നും എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു പറഞ്ഞു.
പി കൃഷ്ണദാസിന്റെ അറസ്റ്റിനെ ശക്തമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. പൊലീസ് കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. വിഢ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ധേശപരം. വകുപ്പുകള്‍ ചേര്‍ത്തത് വ്യാജമാണെങ്കില്‍ ഉദ്യോഗസ്ഥന്‍ സര്‍വ്വീസിലുണ്ടാകില്ല. പൊലീസിന്റെ സമീപനം ഇതാണെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കൃഷ്ണദാസ് മര്‍ദിച്ചു എന്ന ലക്കിടി കോളജിലെ വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കൃഷ്ണദാസുള്‍പ്പൈടെ നാല്‌പേരെ അറസ്റ്റ് ചെയതത്. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.
കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പൊലീസിനെതിരെ ഇത്രയും രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിക്കാനാണ് സാധ്യത.