കൃഷ്ണദാസിന്റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Published: 21st March 2017 07:31 PM |
Last Updated: 21st March 2017 09:17 PM | A+A A- |

ന്യൂഡെല്‍ഹി: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യകേസില്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കമമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധമുള്ള ഗൂഢാലോചനയില്‍ കൃഷ്ണദാസിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ കൃഷ്ണദാസിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഹര്‍ജിക്കാരനെതിരെ ആത്മഹത്യപ്രേരണ കുറ്റം തെളിയിക്കാന്‍ മതിയായ വസ്തുതകളില്ലെന്ന് വിലയിരുത്തിയാണ് കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് ഡയറിയും സാക്ഷിമൊഴികളും പരിശോധിച്ച കോടതി ഹര്‍ജിക്കാരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാവുന്ന വസ്തുതകള്‍ സമാഹരിക്കാന്‍ പ്രോസിക്യൂഷന് കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വടക്കാഞ്ചേരി കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം കൃഷ്ണദാസിന്റെ അറസ്റ്റ് നടപടികളില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.